ചക്ലിയ സമുദായത്തിന് സംരക്ഷണം നൽകണം- ഹൈക്കോടതി

0
132


ജാതി വിവേചനത്തിന്റെ പേരിൽ ഗ്രാമം വിടേണ്ടി വന്ന മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായക്കാർക്ക് തിരികെ വീടുകളിലെത്തി താമസിക്കാൻ പൊലീസ് സംരക്ഷണത്തിന് ഹൈകോടതിയുടെ ഉത്തരവ്. മുതിർന്ന ജാതിക്കാരുടെ അക്രമത്തിനും വിവേചനത്തിനും വിധേയരാതിനെ തുടർന്ന് പുറന്തള്ളപ്പെട്ടവർക്ക് സുരക്ഷിതമായി തിരികെ വീടുകളിലെത്തി സാധാരണ ജീവിതം നയിക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാനാണ് ഡി.ജി.പി, പാലക്കാട് എസ്.പി, ഡിവൈ.എസ്.പി എന്നിവർക്ക് സിംഗിൾബെഞ്ച് നിർദേശം നൽകിയത്. പ്രദേശത്ത് ജാതി വിവേചനത്തിന്റെ ഭാഗമായ അയിത്താചരണവും അക്രമവും മറ്റും നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളും മുതലമട പഞ്ചായത്തും അടക്കമുള്ള എതിർകക്ഷികളോട് കോടതി വിശദീകരണവും തേടി.

ഗോവിന്ദാപുരത്തെ ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വീടുകളിൽ സുരക്ഷിതമായി താമസിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് അംബേദ്കർ കോളനിവാസികളും ചക്ലിയ സമുദായക്കാരനുമായ ശിവരാജ്, ശെന്തിൽകുമാർ എന്നിവരുൾപ്പൈട നൽകിയ ഹരജികളിലാണ് കോടതിയുടെ ഇടപെടൽ. സാമൂഹിക നീതി വകുപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള ഫണ്ട് പട്ടിക ജാതിക്കാരായ തങ്ങളുടെ ഉന്നമത്തിനായി വിനിയോഗിക്കാരെ ദുരുപയോഗം ചെയ്യുന്നതായി ഹരജിയിൽ പറയുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ വീടുകൾ തകർന്നു വീഴാറായ അവസ്ഥയിലാണ്. കൂലിപ്പണിക്കാരായ തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ല. പട്ടിക ജാതിക്കാരല്ലാത്ത ഉയർന്ന ജാതിയിൽപ്പെട്ടവർ വിവേചനപരമായാണ് പെരുമാറുന്നത്. പൊതു ജല വിതരണ സംവിധാനത്തിൽ നിന്ന് എല്ലാവർക്കുമൊപ്പം വെള്ളമെടുക്കാൻ ചക്ലിയർക്ക് അവകാശമില്ല.

ക്ഷേത്രങ്ങളിലും പൊതു ശ്മശാനത്തിലും അയിത്തം കൽപ്പിച്ചിരിക്കുന്നു. ചായക്കടകളിൽ പോലും പ്രത്യേക സ്ഥലവും ഗ്ലാസും പാത്രങ്ങളുമൊക്കെയാണ് ഉള്ളത്. അതിരൂക്ഷമായ വിവേചനവും അയിത്തവും നടമാടിയിട്ടും പരാതികളിൽ ഒരു നടപടിയും മുതലമട പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമത്തിനെതിരെ കേസെടുക്കാൻ ബാധ്യസ്ഥരായ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, ചക്ലിയരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുകയാണ്. ഗ്രാമത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ ഒരു ക്ഷേത്രത്തിലും പരിസരത്തുമായാണ് തങ്ങൾ കഴിഞ്ഞുവരുന്നതെന്ന് ഹരജിയിൽ പറയുന്നു.
അതിനാൽ, സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനും താമസിക്കാനും പൊലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹരജിയിലെ അടിയന്തിര ആവശ്യം. ഈ ആവശ്യമാണ് കോടതി അനുവദിച്ചത്.ജാതി വിവേചനം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണം, പട്ടിക ജാതിക്കാർക്കായി അനുവദിച്ച ഫണ്ടിനെയും വിനിയോഗത്തെയും സംബന്ധിച്ചും പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ചും റിപ്പോർട്ട് തേടണം, വീടുകൾ അറ്റകുറ്റപണികൾ നടത്താൻ നിർദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.