ജേക്കബ് തോമസ് തിരിച്ചുവരുന്നു; എവിടേക്കെന്ന് നിശ്ചയമില്ല

0
84

അവധി കാലാവധി കഴിഞ്ഞ് ഡി.ജി.പി. ജേക്കബ് തോമസ് വരുന്നു. അദ്ദേഹം ഈമാസം 19നു റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഏതു പദവി നല്‍കുമെന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോഴാണ് ജേക്കബ് തോമസ് അവധിയില്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ പൂര്‍ണ സംരക്ഷണം ലഭിച്ചിരുന്ന ജേക്കബ് തോമസ്, വിജിലന്‍സിനെക്കൊണ്ട് സര്‍ക്കാരുതന്നെ പൊറുതിമുട്ടിയ ഘട്ടത്തിലാണ് അവധിയില്‍ പ്രവേശിച്ചത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു ജേക്കബ് തോമസ് ഏപ്രില്‍ ഒന്നിനു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ അവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വീണ്ടും ഒരു മാസത്തേക്കു കൂടി അവധി ദീര്‍ഘിപ്പിച്ചു. വീണ്ടും കുറച്ചു കൂടി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 17 ദിവസം കൂടി അവധി നീട്ടുകയായിരുന്നു. ഇതിനിടെ സംസ്ഥാന പോലീസില്‍ നിരവധി മാറ്റങ്ങളും വന്നു. ഡി.ജി.പി. സ്ഥാനത്തേക്ക് ടി.പി.സെന്‍കുമാര്‍ വന്നപ്പോള്‍ നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയെ സര്‍ക്കാരിനു മാറ്റേണ്ടിവന്നു. ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയപ്പോള്‍ അവധി കഴിഞ്ഞ് തിരിച്ചുവരുന്ന ജേക്കബ് തോമസിന് നല്‍കാന്‍ പോസ്റ്റ് ഇല്ലാതായിരിക്കുകയാണ്.