തച്ചങ്കരി രഹസ്യവിവരങ്ങൾ ചോർത്തി; സെൻകുമാറിന്റെ റിപ്പോർട്ട്

0
108

സംസ്ഥാന പൊലീസ് ആസ്ഥാനത്തെ പൊട്ടിത്തെറിക്ക് ആക്കംകൂട്ടി, എഡിജിപി ടോമിൻ തച്ചങ്കരി രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെൻകുമാറിന്റെ റിപ്പോർട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽനിന്നാണ് തച്ചങ്കരി രഹസ്യങ്ങൾ ചോർത്തിയതെന്ന് സെൻകുമാർ ആരോപിച്ചു. ചോർത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ സെൻകുമാർ വ്യക്തമാക്കി.

അതേസമയം, പൊലീസ് ആസ്ഥാനത്തുവച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം സെൻകുമാർ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും താക്കീതു ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെൻകുമാർ വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകൾ കൈക്കലാക്കാൻ പൊലീസ് മേധാവി സെൻകുമാർ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥർക്കും സർക്കാരിനുമെതിരെ വ്യവഹാരങ്ങളിൽ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും എഡിജിപി: ടോമിൻ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. സർക്കാരിനു നൽകിയ രഹസ്യ റിപ്പോർട്ടിലായിരുന്നു തച്ചങ്കരിയുടെ ആരോപണം.