ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍- കുറ്റിപ്പുറം ദേശീയ പാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ – കുറ്റിപ്പുറം, ചേര്‍ത്തല-കഴക്കൂട്ടം പാതയിലെ ബാറുകളും തുറക്കില്ല.
13 ബാറുകള്‍ തുറന്നത് നിര്‍ഭാഗ്യകരമാണ്. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്നതില്‍ പൊതുമരാമത്ത് വകുപ്പിനെ കോടതിയില്‍ എക്സൈസ് വകുപ്പ് പഴിചാരിയിരുന്നു. കണ്ണൂര്‍ – കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്നും ഇതിനാലാണ് ബാര്‍ തുറന്നതെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കണ്ണൂര്‍ – കുറ്റിപ്പുറം, ചേര്‍ത്തല – കഴക്കൂട്ടം പാതകള്‍ ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു. ബാറുകള്‍ തുറന്നതില്‍ നേരിട്ട് വിശദീകരണം നല്കാന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എക്സൈസ് കമ്മിഷണര്‍മാര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
കോടതി വിധി ദുര്‍വ്യഖ്യാനം ചെയ്താണ് സര്‍ക്കാര്‍ ദേശീയപാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിലയിരുത്തിയിരുന്നു.