നോട്ടിനും ഭക്ഷണത്തിനും ശേഷം മോദിയുടെ നിയന്ത്രണം ജലത്തില്‍

0
1112

നോട്ടിനുംഭക്ഷണത്തിനും പിന്നാലെ കേന്ദ്ര സർക്കാർ വെള്ളത്തിലും കൈ വെക്കുന്നു. വെള്ളം ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി സർക്കാർ രാജ്യത്തെ ജലസ്രോതസ്സുകൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വരാൻ പോകുകയാണ്. അതിന് വേണ്ടി ഭരണഘടനയുടെ ഏഴാം പട്ടികയിൽ ഉൾപ്പെടുന്ന വെള്ളവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രത്തിന് നിയമനിർമ്മാണത്തിന് അധികാരപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്ര ലിസ്റ്റിലേക്ക് ഉൾക്കൊള്ളിക്കാൻ ഭരണഘടന ഭേദഗതി കൊണ്ടുവരാൻ പോകുകയാണത്രെ. പറയുന്നത്, ജനങ്ങളുടെ കീശയിലെ പണം രായക്‌രാമാനം അസാധുവാക്കി കോർപറേറ്റുകളേയും കള്ളപ്പണക്കാരേയും രക്ഷിച്ച നരേന്ദ്ര മോദി ആയതുകൊണ്ട് ഭയന്നേ തീരൂ. പണത്തിന്റെ കാര്യത്തിൽ പേടിഎമ്മിന് ലഭിച്ച സുവർണ്ണാവസരം ഓർക്കണം.

എന്റെ കിണറും എന്റെ വെള്ളവും സുരക്ഷിതമാണ് എന്ന് ആശ്വസിക്കുന്നവർ കേന്ദ്ര സർക്കാരിന്റെ ഈ താക്കീത് നിസാരമായി തള്ളിക്കളയാവുന്നതല്ല. നമ്മുടെ കിണറുകൾക്ക് സർക്കാർ മീറ്റർ’ പിടിപ്പിച്ച് നമുക്ക് തന്നെ വെള്ളം അളന്നു തരുന്ന കാലമാണ് വരാൻ പോകുന്നത്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകുന്നതോടെ പൊതുസംവിധാനങ്ങൾ നേരെ ചൊവ്വേ നടക്കാത്തവയാണെന്ന് കുറ്റപ്പെടുത്തി ജനങ്ങൾക്ക് മികച്ച സേവനം നലകാൻ ജലസ്രോതസ്സുകളുടെ നോക്കിനടത്തിപ്പിനും കൈകാര്യം ചെയ്യലിനുള്ള ചുമതല കോർപ്പറേറ്റുകൾക്ക് നൽകും. മീറ്ററുകൾ പിടിപ്പിക്കാനും വെള്ളം അളന്നുതരാനുമുള്ള അധികാരം അവർക്കാകും.

നിരവധി ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ശതകോടികൾ കിട്ടാക്കടമാക്കിയ കോർപറേറ്റുകളെ തൊടാതെ ഒരു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്തവരുടെ വീട് ജപ്തി ചെയ്യാൻ കിട്ടാക്കടത്തിൽ മുമ്പരായ റിലയൻസിന്റെതടക്കമുള്ള അസറ്റ് റിക്കവറി കമ്പനികളേയും ഡബ്റ്റ് റിക്കവറി കമ്പനികളെയും അധികാരപ്പെടുത്തിയ സർക്കാറാണ്. ക്യാഷ്‌ലെസ് മണികൊണ്ടുവരാൻ പേടിഎമ്മിനും റിലയൻസിനുമൊക്ക ഉദാരമായ അവസരം നൽകിയ മോദി സർക്കാർ കുത്തക കമ്പനികളുടെ തോഴനാണ്. കോൺഗ്രസ് റോഡും ബാങ്കും ഇൻഷൂറൻസ് മേഖലയും ആരോഗ്യവും വിദ്യാഭ്യാസവും വിഭവങ്ങളുമൊക്കെ കോർപറേറ്റുകളുടെ കാൽകീഴിൽ വെച്ചുകൊടുത്തവരാണ്. ലോക വ്യപാര സംഘടനയുമായി കരാറുണ്ടാക്കിയത് മുതൽ ജനാധിപത്യ സർക്കാർ ശ്രമിച്ചത് പൊതുമേഖല നിർഗുണമാണെന്ന തോന്നൽ ഉണ്ടാക്കാനാണ്. ഈ അനുഭവത്തിൽ നിന്ന്് വേണം വെള്ളം പൊതുപട്ടികയിലാക്കി കേന്ദ്രനിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ കാണാൻ.

സംസ്ഥാന കേന്ദ്ര പട്ടികകളിൽ നിന്ന് മാറ്റി ‘വെള്ളം’ പൊതുപട്ടികയിലാക്കാൻ നേരത്തെ തന്നെ ശിപാർശ ഉണ്ടായിരുന്നു. ജലവിഭവ മന്ത്രാലയവും സംസ്ഥാന കേന്ദ്ര പട്ടികകളിൽ നിന്ന് മാറ്റി വെള്ളം പൊതുപട്ടികയിൽ പെടുത്തണമെന്ന അഭിപ്രായക്കരായിരുന്നു. എന്നാൽ, ‘നിയമമന്ത്രാലയം’ എതിർത്തു. ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു കാരണം. അതുകൊണ്ട് കാര്യങ്ങൾ നടക്കാതെ പോയി. ഇപ്പോൾ ഭരണഘടനാവിരുദ്ധത നീക്കുന്നതിനാണ് ഭരണഘടനാഭേദഗതി കൊണ്ടുവരുന്നത്.

വെള്ളം സ്വകാര്യ സ്വത്തല്ല എന്ന് പറയുന്ന കേന്ദ്ര സർക്കാർ രേഖയിൽ ഗൗരവതരമായ രണ്ട് കാര്യങ്ങൾ കൂടിയുണ്ട്്. ഒന്ന്, എവിടെയെങ്കിലും വെള്ളം കൂടുതലുണ്ടെങ്കിൽ അത് അവിടത്തുകാർക്ക് മാത്രമുള്ള ഒരനുഗ്രഹമല്ല. മറ്റൊന്ന്, വെള്ളം ആരുടെയും സ്വകാര്യ സ്വത്തല്ല. എല്ലാവർക്കും അവകാശമുള്ള വിഭവമാണ്.
വെള്ളം ഒരു പ്രകൃതിവിഭവമാണ് എന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ അവകാശികൾ മനുഷ്യർ മാത്രമല്ല, ജീവനുള്ള സകലതുമാണ് എന്നർഥം. മരങ്ങൾ, മൃഗങ്ങൾ, പക്ഷിപറവകൾ, മീനുകൾ, ഇഴജന്തുക്കൾ, ഷഡ്പദങ്ങൾ തുടങ്ങി എല്ലാറ്റിനും അവകാശപ്പെട്ട പ്രകൃതിവിഭവത്തെ എങ്ങനെയാണ് മനുഷ്യർ മാത്രം സ്വന്തം അവകാശാധികാരങ്ങളോടെ കൈകാര്യം ചെയ്യുക? ജലമുള്ളിടത്തും ഇല്ലാത്തിടത്തും വ്യത്യസ്ത ജീവജാലങ്ങളും സസ്യപ്രകൃതികളുമാണ് കാണപ്പെടുന്നത്. മഴ, വെയിൽ, മഞ്ഞ് ഇവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചുള്ള ജീവജാലങ്ങളാണ് ഓരോ പ്രദേശത്തും കണ്ടുവരുന്നത്. സർക്കാർ പറയുന്നതുപോലെ ‘വെള്ളം ഒരു പ്രദേശത്തിന്റെ സ്വകാര്യ സ്വത്തല്ല’ എന്ന് മനുഷ്യരെ മാത്രം ഉദ്ദേശിച്ചുള്ള സമീപനം ഒരു ‘പ്രകൃതിവിഭവത്തോട്’ ഉണ്ടായിക്കൂടാ.

എല്ലാ പ്രകൃതിവിഭവങ്ങളുടേയും ഉടമസ്ഥതയും അധികാരവും മനുഷ്യർക്കു മാത്രമാണെന്ന നിലപാടുമായി ഭരണഘടന ലംഘിക്കുന്ന നയങ്ങൾ പടിപടിയായി കൊണ്ടുവരികയാണ്. ജലം ഒരു പ്രകൃതിവിഭവമാണ് എന്ന് പറയാതെ ഒരു വിഭവമാണ് എന്ന് പറഞ്ഞാൽ അതിൽ നിന്ന് പ്രകൃതിയെ ഒഴിവാക്കാം എന്ന് കണ്ടുപിടിച്ചത് കോർപറേറ്റ് കുത്തകകകളാണ്. ലോകത്തിലെ ഏറ്റവും അപൂർവ്വമായ വിഭവമാണ് ശുദ്ധജലമെന്നും അതിനാൽ തന്നെ അത് ആർക്കും വെറുതെ കൊടുത്തുകൂട എന്നുമുള്ള നയം വരുന്നത് ഡബ്ല്യു.ടി.ഒ കരാറോടെയാണ്. വെള്ളത്തിന് വിലയുണ്ട്. വില ഈടാക്കുക എന്നാൽ, അർഥം ചരക്ക്‌വൽക്കരിക്കുക എന്നാണ്. വിലയുള്ളതെല്ലാം വിൽക്കാം. വിൽക്കുന്നവന്റെ ലക്ഷ്യം ലാഭമായതുകൊണ്ട്, വെള്ളം കുപ്പിയിലടച്ച് വിറ്റ് തുടങ്ങി.

പ്രകൃതിവിഭവമെന്ന നിർവചനത്തിൽ നിന്ന് ചരക്ക് എന്ന നിർവചനത്തിലേക്കുള്ള മാറ്റം ബാധിച്ചത് പാവപ്പെട്ടവരെയാണ്. വെള്ളത്തിന്റെ വൻതോതിലുള്ള ഉപഭോക്താക്കൾ കോർപറേറ്റുകളാണ്. നക്ഷത്ര ഹോട്ടൽ ശൃംഖലകൾക്കും വ്യവസായ ശാലകൾക്കും ഗോൾഫ് മൈതാനങ്ങൾക്കും ഫ്‌ളാറ്റുകൾക്കമൊക്കെയാണ് രാജ്യത്തെ ജലത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്.
പുഴകളും ജലാശയങ്ങളും കോർപറേറ്റ് കുത്തകകൾക്ക് വിൽക്കാനുള്ള നീക്കം കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ഉണ്ടായിരുന്നു. എതിർപ്പ് മൂലം അത് വിജയിച്ചില്ല. എങ്കിലും വിറ്റ സ്ഥലങ്ങളിലെ അവസ്ഥ താക്കീതായി മുന്നിലുണ്ട്. കോൺക്രീറ്റ് ചാലുകൾ കെട്ടി ഒരു തുള്ളി പോലും മണ്ണിനോ ഉറുമ്പിനോ കൊടുക്കാതെ ചൂഷണം ചെയ്യുന്ന അത്തരം കമ്പനികൾ ദരിദ്ര / വികസ്വര രാജ്യങ്ങളിലൊക്കെ ജലമെന്ന ‘വിഭവം’ കൊള്ള ചെയ്തുകൊണ്ടിരുന്നു. മഴവെള്ളത്തിന്റെ കുത്തകാവകാശം കൂടി എഴുതി വാങ്ങിയ കോർപറേറ്റ് കമ്പനികൾ മഴവെള്ളം പിടിച്ചെടുക്കാൻ പാത്രങ്ങളുമായി പുറത്തേക്കിറങ്ങിയ ജനങ്ങളെ തടഞ്ഞപ്പോഴാണ് ബൊളിവിയയിൽ കലാപമുണ്ടായത്. പ്ലാച്ചിമടയിലെ ജലചൂഷണം മറക്കാറായിട്ടില്ല.

നദീജല സംയോജന പദ്ധതിക്ക് എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിലാണ്, വെള്ളം പൊതുപട്ടികയിലാക്കാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. ഭംഗിയായിട്ടാണ് അത് അവതരിപ്പിക്കുന്നത്്. ഒരു രാജ്യമെന്ന നിലക്ക് എല്ലാ ജനങ്ങൾക്കും ശുദ്ധമായ വെള്ളത്തിന്റെ ലഭ്യതയെന്ന മൗലികാവകാശം ഉറപ്പാക്കേണ്ട ബാധ്യത സർക്കാറിനുണ്ട് എന്ന നിലയിൽ അതിനെ ആരും എതിർക്കില്ല. കള്ളപ്പണവും കള്ളനോട്ട് പിടിക്കലുമാണ് നോട്ട് നിരോധനത്തിന്റെ ലക്ഷ്യം എന്നു പറഞ്ഞപ്പോൾ വലിയ സ്വീകാര്യതയായിരുന്നു. ഒളിയജണ്ടകൾ വെളിപ്പെടുകയും കിട്ടാക്കടമോ വിദേശ നിക്ഷേപമോ തൊടാൻ പറ്റിയില്ലെന്നറികയും ചെയ്തപ്പോഴാണ് ലക്ഷ്യം മറ്റൊന്നായിരുന്നു എന്ന് ബോധ്യപ്പെടുന്നത്.
വെള്ളത്തെ സംബന്ധിച്ച് കൊണ്ടുവരാൻ പോകുന്ന ഭരണഘടനാ ഭേദഗതിയിലും ഒളിയജണ്ടയുണ്ട്. രാജസ്ഥാനിലെ കർഷകർക്കും വരൾച്ച പ്രദേശങ്ങൾക്കും വെള്ളമെത്തിക്കാനുള്ള സദുദ്ദേശത്തിന്റെ മൂടുപടത്തിനുള്ളിൽ വേറെയും ചിലതു കൂടിയുണ്ട്. അതിന് പുതയതായുണ്ടാക്കുന്ന മൂന്നാമത്തെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പോകുന്നതെന്തൊക്കെയാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കപ്പൽ ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവ ഉൾകൊള്ളുന്ന 32ാം ഇനത്തിന് താഴെ 32 ഇനമായി, മഴവെള്ള ശേഖരണം, ജലസംരക്ഷണം, വെള്ളം കൈകാര്യം ചെയ്യൽ, ഡാറ്റ ശേഖരണം തുടങ്ങിയവ ഉൾപ്പെടുത്താനാണ് നിർദേശം. ഇതൊന്നും കാര്യക്ഷമമായി നടത്താൻ നമ്മുടെ ജലബോർഡുകൾക്ക് കഴിയില്ലെന്ന് വരുത്തിതീർത്ത് കോർപറേറ്റ് കമ്പനികളെ ഏൽപ്പിച്ചാലത്തെ അവസ്ഥ ഊഹിച്ചുനോക്കുക. വിഴിഞ്ഞം പോർട്ട് അദാനിയെ കൊണ്ടേ ചെയ്യാൻ കഴിയൂ എന്നതിന് പൊതുജനങ്ങൾക്കുപോലും തോന്നിക്കുന്ന തരത്തിലാണ് രാജ്യത്തെ പൊതു മേഖലയുശട ചിത്രം വരച്ചുവെച്ചിരിക്കുന്നത്. സാങ്കേതിക വിദ്യക്ക് കോർപറേറ്റുകൾ തന്നെ വേണം. ഈ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് മഴവെള്ള സംഭരണം കോർപറേറ്റുകളെ ഏൽപ്പിച്ചാൽ ഇന്ത്യയിൽ ബൊളിവീയ ആവർത്തിക്കപ്പെടും. സുസ്ഥിര നഗരവികസനത്തിന് എ.ഡി.ബി വായ്പ വാങ്ങുന്ന സമയത്ത് രാജ്യത്തെ വെള്ളം വിൽപനക്ക് വെച്ചിരിക്കുകയായിരുന്നു. പൊതുടാപ്പുകൾ പൂട്ടണം എന്ന നിർദേശം എ.ഡി.ബി മുന്നോട്ടുവെച്ചു. അക്ഷരാർഥത്തിൽ അത് നമ്മുടെ സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കി.

വെള്ളം പൊതുപട്ടികയിൽ ഉൾപ്പെടുത്തിയാൽ, കിണർ, നദി, കുളം, കായൽ, തണ്ണീർത്തടങ്ങൾ തുടങ്ങിയവയിലെ വെള്ളം, ഭൂഗർഭജലം, എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണം, ജലസംരക്ഷണം, തുടങ്ങിയവയിന്മേൽ കേന്ദ്ര സർക്കാറിന് നിയമ നിർമാണം നടത്താം.
രാജ്യത്തെ വെള്ളത്തിന്റെ തുല്യ അവകാശം ഓരോരുത്തർക്കമുണ്ടെങ്കിൽ ഇന്ന് ജലവിതരണത്തിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ ആദ്യം പരിഹരിക്കണം. ആവശ്യത്തിലേറെ ശുദ്ധജലം കൊണ്ട് ആറാടുന്നവരും ഒരു തുള്ളി വെള്ളം കിട്ടാത്തവരും എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഹരിയാനയിൽ നിന്നുള്ള വെള്ളം ദൽഹിക്ക് നിഷേധിക്കാൻ ബി.ജെ.പി നീക്കം നടത്തിയിരുന്നു. വെറും രാഷ്ട്രീയ ശത്രുതമാണ് അതിന് മോദി സർക്കാറിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ പറയുന്നതുപോലെയുള്ള ‘ജനസ്‌നേഹ’മൊന്നും അതിന്റെ പിന്നിൽ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കെജ്‌രിവാൾ സർക്കാറിനോടുള്ള പക ദൽഹിയിലെ ജനങ്ങളുടെ മേൽതീർക്കാനുള്ള നീക്കമായിരുന്നു അതിന്റെ പിന്നിൽ. അന്ന് കെജ്‌രിവാൾ അതിനെ പ്രതിരോധിച്ചത് ഹരിയാനയിലെ മന്ത്രിമാരടക്കമുള്ള സമ്പന്ന വിഭാഗത്തിന് വെള്ളത്തിന് റേഷൻ ഏർപ്പെടുത്തും എന്ന് പറഞ്ഞുകൊണ്ടാണ്.

ഉദ്ദേശശുദ്ധിയെ സംശയിച്ച ഒട്ടനവധി കാരണങ്ങൾ നിലനിൽക്കുന്നതുകൊണ്ടും മോദി സർക്കാറിൽ കോർപറേഷൻ കുത്തകകൾക്കുള്ള വമ്പിച്ച സാന്നിധ്യം അറിയുന്നതുകൊണ്ടും ഈ ഭരണഘടനാ ഭേദഗതിയെ തലനാരിഴ കീറി പരിശോധിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണം. പ്രത്യേകിച്ചും കേരളം. കാരണം, മോദി സർക്കാർ തയ്യാറാക്കിയ രേഖയിൽ കേരളം പോലെയുള്ള ചില സംസഥാനങ്ങളിൽ ഒട്ടേറെ നദികളും അരുവികളും ഉള്ളപ്പോൾ രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ഭൂഗർഭജലത്തിന്റെ കടുത്ത ക്ഷാമത്തിലാണ് എന്ന് എടുത്തുപറയുന്നുണ്ട്.
വെള്ളത്തിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വലിയ സംഘർഷാവസ്ഥ നിലനിൽക്കെ ഈ പുതിയ നീക്കം ഉണ്ടാക്കാൻ പോകുന്ന ഭീകരാവസ്ഥ ഊഹാതീതമാണ്. സംസ്ഥാനങ്ങൾ തമ്മിൽ തമ്മിൽ സമാധാനപരമായ കരാറുകളുണ്ടാക്കി വെള്ളം പങ്കിടുക എന്നത് ഏറ്റവും ആവശ്യമായ കാര്യമാണ്. അതേസമയം, സംസ്ഥാനങ്ങൾക്കുമീതെ കേന്ദ്രത്തിന്റെ അധികാധികാര പ്രയോഗത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത് ഫെഡറൽ സംവിധാനത്തിന് എതിരായിത്തീരും.

മഴവെള്ള സംഭരണം, ജലസംരക്ഷണം, വെള്ളം കൈകാര്യം ചെയ്യൽ, ഡാറ്റ ശേഖരണം മുതലായവയൊക്കെ ശാസ്ത്രീയമായും സാങ്കേതിക മേന്മയോടെയും ചെയ്യേണ്ടതു തന്നെയാണ്. എന്നാൽ, അത് കുത്തകകളെ ഏൽപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാകരുത്. അതിനോടുള്ള ജാഗ്രതയാണ് സംസ്ഥാന സർക്കാറുകൾ പുലർത്തേണ്ടത്. ഉള്ള വെള്ളം മുഴുവൻ പാഴാക്കികളഞ്ഞ് വെള്ളം, വെള്ളം എന്ന് നിലവിളിക്കുന്ന കേരളം പ്രത്യേകിച്ചും.