മന്ത്രി കടന്നപ്പള്ളിയുടെ ചടങ്ങിൽ അടിപൊട്ടിയ സംഭവം ഗുരുതരമായ ഇന്റലിജൻസ് വീഴ്ച

0
145

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ ഉദ്ഘാടന ചടങ്ങിനിടെ അടിപൊട്ടിയ സംഭവത്തിൽ ഇന്റലിജൻസ് പാളിച്ച സുവ്യക്തം. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ആര്യനാട് സംഭവിച്ചത് എന്ന് ഉന്നത പോലീസ് കേന്ദ്രങ്ങളിൽ തന്നെ വിലയിരുത്തലുണ്ട്. സംസ്ഥാന ഇന്റലിജൻസ് പരാജയമെന്ന അർത്ഥത്തിലാണ് ആര്യനാട് സംഭവം വീക്ഷിക്കപ്പെടുന്നത്.
സംഘർഷം നടക്കുന്ന രീതിയിൽ ഒരു മുന്നറിയിപ്പും മന്ത്രിക്ക് ലഭിച്ചിട്ടില്ലാ എന്ന് മന്ത്രിയുടെ ഓഫീസ് 24 കേരളയോട് പ്രതികരിച്ചു. കണ്ണൂർ എയർപോർട്ട് മീറ്റിംഗ് നടക്കുന്നതിനാൽ മന്ത്രിയുടെ പ്രതികരണം അറിവായിട്ടില്ല. ഗണ്മാൻ ഇത്തരം ഒരു സംഘർഷവും നടക്കുന്ന കാര്യം അറിയിച്ചില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഗണ്മാൻ വരെ പറയാറുണ്ട്. ഒരു മുന്നറിയിപ്പും മന്ത്രിക്ക് ലഭിച്ചില്ല. അതുകൊണ്ട് മന്ത്രി പരിപാടിയിൽ പങ്കെടുത്തു. മന്ത്രിയുടെ ഓഫിസ് പറയുന്നു.
ആര്യനാട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും, അരുവിക്കര എംഎൽഎ ശബരിനാഥും വേദിയിലിരിക്കവെയാണ് അടിപൊട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ടതോ ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ സിപിഎമ്മും. മന്ത്രി വേദിയിലിരിക്കെ അടിപൊട്ടിയപ്പോൾ പോലീസും സംഭവത്തിൽ ഇടപെടാൻ മടിച്ച അവസ്ഥയിലായി. കാരണം അടിനടത്തുന്നത് ഭരിക്കുന്ന പാർട്ടിയിലെ പ്രമുഖ കക്ഷിയാണ്. എംഎൽഎ ശബരിനാഥാണ് അടികിട്ടാതെ മന്ത്രിയെ രക്ഷിച്ച് കാറിൽ കയറ്റിയത്.
ആഴ്ചകൾക്ക് മുൻപേ തുടങ്ങിയ സംഘർഷം ഉദ്ഘാടന ചടങ്ങിനോട് അടുക്കുമ്പോൾ സ്ഥിതി വഷളാകുമെന്ന് ഏവർക്കും വ്യക്തമായിരിക്കെയാണ് മന്ത്രിക്ക് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാതെ സ്റ്റേറ്റ് ഇന്റലിജൻസ് മന്ത്രിയെ അപകടത്തിലേക്ക് തള്ളിവിട്ടത്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളുടെ അവലോകനം സംസ്ഥാന ഇന്റലിജൻസ് നടത്തുക പതിവാണ്. സംഘർഷ സാധ്യതയുള്ള ചടങ്ങുകളിൽ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകും.
മന്ത്രിമാർ അതിനനുസരിച്ച് തീരുമാനം കൈക്കൊള്ളും. ഇവിടെ ഒന്നും നടന്നില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംഘർഷം നടക്കുമെന്ന് ഉറപ്പുള്ള വേദിയിൽ എത്തുക തന്നെ ചെയ്തു. ആരാണ് മന്ത്രിയെ അവിടെ എത്തിച്ച് അടികൊള്ളിക്കാൻ ഇടയാക്കിയതെന്നു ഇനി അറിയാൻ ഇരിക്കുന്നതെയുള്ളൂ. ആര്യനാട് ഹയർസെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ജി. കാർത്തികേയൻ ആര്യനാട് എംഎൽഎ ആയിരിക്കെ നിർമ്മാണാനുമതി ലഭിച്ച ആര്യനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണു സംഘർഷത്തിൽ കലാശിച്ചത്.
സ്വാഗത പ്രസംഗത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ചടങ്ങിൽ സ്വാഗതം പറയുന്നതിനായി കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് തീരുമാനിച്ചിരുന്നത്. സ്വാഗതം പറയാനായി ശാമില ബീഗം വേദിയിലെത്തിയപ്പോൾ സി.പി.എം പ്രവർത്തകർ സ്‌കൂൾ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്നതിനാൽ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹൻ സ്വാഗതം പറയണമെന്ന് ശഠിച്ചു. അതോടെ സംഘർഷവും അടിപൊട്ടലും നടന്നു.
മന്ത്രിയും എംഎൽഎമാരും കാഴ്ചക്കാരാകുകയും ചെയ്തു. കസേരകൾ വരെ അന്തരീക്ഷത്തിൽ പറന്നു നടക്കും വിധമുള്ള സംഘട്ടനമാണ് മന്ത്രിയെ സാക്ഷിയാക്കി നടത്തിയത്. അതുകൊണ്ട് തന്ന സംഭവം ഇന്റലിജൻസ് പാളിച്ചയിലേക്ക് വിരൽ ചൂണ്ടുന്നു.
സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് മന്ത്രിയെ തന്നെ മാറിപ്പോയത് വലിയ വാർത്തയായിരുന്നു. മന്ത്രി സുനിൽകുമാറിനെ കാണാൻ എത്തിയ ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ നേരെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫിസിൽ എത്തി. മന്ത്രിയെ കണ്ടു കൈപിടിച്ചു കുലുക്കി മന്ത്രി സുനിൽകുമാർ അല്ലേയെന്നു തിരക്കി.
അതിരാവിലെ മന്ത്രിയെ തന്നെ ക്ഷുഭിതനാക്കിയ സംഭവമാണ് ഇന്റലിജൻസ് മേധാവിയുടെ അടുക്കൽ നിന്നും സംഭവിച്ചത്. വലിയ കഷ്ടമാണ് സംസ്ഥാന ഇന്റലിജൻസിന്റെ കാര്യം എന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിക്കുകയും ചെയ്തു.
സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് സംസ്ഥാനത്തെ രണ്ടു മന്ത്രിമാരെ തിരിച്ചറിയാൻ പോലും കഴിയുന്നില്ലാ എന്ന് കേരളം അറിയുകയും ചെയ്തു. ഭരണം ഒരു വർഷം അടുക്കുമ്പോഴാണ് ഈ സംഭവം നടന്നത്. അതിനുശേഷമാണ് സംസ്ഥാന ഇന്റലിജൻസ് വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്.