കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) തുടക്കം കുറിച്ചു. എട്ട് ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടമെന്ന് വെളിപ്പെടുത്തിയ കേന്ദ്രബാങ്ക് ഇതിന്റെ നാലിലൊരു ഭാഗത്തിനും ഉത്തരവാദികള്‍ 12 അക്കൗണ്ടുകളാണെന്നും വ്യക്തമാക്കി. ഈ പന്ത്രണ്ട് അക്കൗണ്ടുകളും അയ്യായിരത്തിലേറെ കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. എന്നാല്‍ ഇവര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ആര്.ബി.ഐ. തയാറായില്ല. എങ്കിലും ഭൂഷണ് സ്റ്റീല്‍, എസ്സാര്‍ സ്റ്റീല്‍, ലാന്‍കോ, അലോക് ടെക്സ്റ്റയില്‍സ് തുടങ്ങിയ കമ്പനികള്‍ക്കെതിരെ പുതുതായി കൊണ്ടുവന്ന ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐ.ബി.സി) പ്രകാരം നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ മൊത്തം എട്ട് കോടിയുടെ കിട്ടാക്കടത്തില്‍ ആറു കോടി ലഭിക്കാനുള്ളത് പൊതുമേഖലാ ബാങ്കുകള്‍ക്കും രണ്ടു കോടി സ്വകാര്യ ബാങ്കുകള്‍ക്കുമാണ്. പൊതുമേഖലാ ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കിട്ടാക്കടത്തെ കുറിച്ച് ആര്.ബി.ഐ വെളിപ്പെടുത്തിയത്.