ലണ്ടനിലെ അഗ്‌നിബാധ; ആറു മരണം സ്ഥിരീകരിച്ചു

0
116

പടിഞ്ഞാറൻ ലണ്ടനിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ ആറുപേർ മരിച്ചതായി സ്ഥിരീകരണം. ബുധനാഴ്ച പുലർച്ചെ 24 നിലയുള്ള ഗ്രെൻഫെൽ ടവറിൽ ഉണ്ടായ അഗ്‌നിബാധ പൂർണമായും നിയന്ത്രണവിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.ആറ് ആശുപത്രികളിലായി എഴുപതിലധികം ആളുകൾ ചികിത്സയിലാണ്. ഇതിൽ 20 പേരുടെ നില ഗുരുതരമാണ്.അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സങ്കടത്തിൽ പങ്കുചേരുന്നുവെന്ന് അറിയിച്ച യുകെ പ്രധാനമന്ത്രി തെരേസ മെയ്, അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്ത്യൻ സമയം രാത്രി 12 മണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. 24 നിലകളുള്ള ടവർ പൂർണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി 40 ഫയർ എൻജിനുകളും 200ഓളം അഗ്നിശമനസേനാംഗങ്ങളും രംഗത്തുണ്ട്.കെട്ടിടം തകർന്നു വീഴാൻ സാധ്യതയുള്ളത് പരിഗണിച്ച് സമീപ കെട്ടിടങ്ങളിലുള്ളവരെയും ഒഴിപ്പിച്ചു. 1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ളാറ്റുകളാണ് ഉള്ളത്.