സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

0
130

സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31വരെയാണ് നിരോധനം. വിഴിഞ്ഞം, നീണ്ടകര, വൈപ്പിന്‍, ബേപ്പൂര്‍, കണ്ണൂര്‍ എന്നീ അഞ്ച് ഫിഷറീസ് സ്റ്റേഷനുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തയാറായി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ കലക്ടറേറ്റിലും പ്രവര്‍ത്തിക്കും. ഓരോ ജില്ലയിലും ക്രമീകരണങ്ങള്‍ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി.
ട്രോളിങ്ങ് നിരോധന കാലത്തേക്ക് മാത്രമായി നൂറോളം ലൈഫ് ഗാര്‍ഡുമാരെ താല്‍കാലികമായി നിയമിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയ്ക്ക് കൂടുതല്‍ ബോട്ടുകളും അധികം ലൈഫ് ഗാര്‍ഡുമാരെയും അനുവദിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ ഹാര്‍ബറില്‍ നിന്ന് മാറ്റാന്‍ തുടങ്ങി. നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടാനും ചെറുവള്ളങ്ങളിലുള്‍പ്പെടെ മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഒമ്പത് ജില്ലകളിലായി 17 ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് വാടകയ്ക്ക് എടുത്തു. ഇതരസംസ്ഥാന ബോട്ടുകള്‍ 14നകം തീരം വിട്ടുപോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അല്ലാത്തവ തീരത്തു കെട്ടിയിടണം. യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്നും ഉത്തരവുണ്ട്.