സിനിമാ മേഖലയിലെ സ്ത്രീ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

0
120

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയില്‍ കുടുംബശ്രീ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങള്‍. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് സമിതി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സിനിമാരംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രവും സമിതി അന്വേഷിക്കും.

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ നടി മഞ്ജുവാര്യര്‍, ബീനാപോള്‍, പാര്‍വതി, വിധു വിന്‍സന്റ്, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.