സി.പി.എമ്മിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കും: യച്ചൂരി

0
81

സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരായ ആര്‍.എസ്.എസ്.- ബി.ജെ.പി. സംഘത്തിന്റെ കടന്നാക്രമണങ്ങളെ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ത്ത് ഇനിയും നേരിടുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറിസിതാറാം യച്ചൂരി.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടാക്കില്ല. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷപാര്‍ടികളുമായി യോജിച്ച് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ശ്രമം നടക്കുകയാണ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി പ്രതിപക്ഷപാര്‍ടികളുമായി ചര്‍ച്ച നടത്തുന്ന പതിവ് നരേന്ദ്ര മോഡി ലംഘിച്ചു. നരസിംഹറാവുവും എ ബി വാജ്‌പേയിയും മന്‍മോഹന്‍സിങ്ങും അടക്കമുള്ളവര്‍ ഈ കീഴ്വഴക്കം പാലിച്ചിരുന്നുവെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് താന്‍ വീണ്ടും മത്സരിക്കില്ല. രണ്ട് തവണയില്‍ കൂടുതല്‍ സി.പി.എം. ആര്‍ക്കും അവസരം നല്‍കാറില്ല. ആ കീഴ്‌വഴക്കം ലംഘിക്കില്ല. ത്രിപുര തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സി.പി.എമ്മിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസിന്റേത്. തൃണമൂലിനെ ഉപയോഗപ്പെടുത്തിയാണ് ഈ നീക്കം. കശ്മീര്‍ പ്രശ്‌നം രൂക്ഷമായത് മോഡി സര്‍ക്കാരിന്റെ പരാജയമാണ്. അധികാരത്തിനുവേണ്ടി വിരുദ്ധ ആശയമുള്ള പാര്‍ടികളുടെ സഖ്യമാണ് കാശ്മീരില്‍ അധികാരത്തിലുള്ളത്. അവര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവില്ല.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണം. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.