സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സർവകാല റെക്കോർഡ്

0
163

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ രാജ്യം സർവകാല റെക്കോർഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യൻ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതൽക്കൂട്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം 9,47,790 ടൺ വരുന്ന 17,664.61 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് യഥാക്രമം 8,43,255 ടണ്ണും, 16,238 കോടി രൂപയുമായിരുന്നു. പന്ത്രണ്ട് ശതമാനം വർധനയാണ് കഴിഞ്ഞ വർഷത്തേതിൽ തട്ടിച്ചു നോക്കിയാൽ ഉണ്ടായിരിക്കുന്നത്. രൂപക്രമത്തിൽ കയറ്റുമതി വളർച്ച ഒൻപതു ശതമാനവും ഡോളർ വിനിമയ നിരക്കനുസരിച്ച് വിദേശ നാണ്യം ആറു ശതമാനവും കൂടി.
കയറ്റുമതി രംഗത്തെ ഇഷ്ട ഉത്പന്നമായി കുരുമുളക് തുടർന്നു. ആകെ കയറ്റുമതിയുടെ ഏതാണ്ട് നാൽപത് ശതമാനത്തിലധികം മുളകാണ്. 5,070.75 കോടി രൂപയാണ് മുളക് കയറ്റുമതിയിൽ നിന്നുള്ള വരുമാനം. അളവിൽ 15 ശതമാനത്തിന്റെ വർധനയാണ് മുളകിൽ ഉണ്ടായതെങ്കിൽ മൂല്യം 27 ശതമാനം കൂടി. തൊട്ടു പിന്നിൽ നിൽക്കുന്നത് ജീരകമാണ്. ജീരകത്തിന്റെ കയറ്റുമതി അളവിൽ 22 ശതമാനവും മൂല്യത്തിൽ 28 ശതമാനവുമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 1963.20 കോടി വിലമതിക്കുന്ന 1,19,000 ടൺ ജീരകമാണ് കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം കയറ്റുമതി ചെയ്തത്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ച് സ്പൈസസ് ബോർഡ് എടുത്ത കർശന പരിശോധനകളുടെ കൂടി ഫലമാണിത്.
കനത്ത വെല്ലുവിളികൾ നിറഞ്ഞ അന്താരാഷ്ട്ര മാർക്കറ്റിൽ മികച്ച പ്രകടനത്തോടെയാണ് സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യ എല്ലാ റെക്കോർഡുകളും ഭേദിച്ചതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് പറഞ്ഞു. അന്താരാഷ്ട്ര വിപണനത്തിലെ എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ നേട്ടമെന്നത് ഏറെ സംതൃപ്തി നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഔഷധമേഖലയിൽ വൻഡിമാന്റുള്ള മഞ്ഞളിന്റെ കയറ്റുമതിയിലും ഗണ്യമായ വർധനയുണ്ടായി. 1241 കോടി രൂപ വില വരുന്ന 1,16,500 ടൺ മഞ്ഞളാണ് കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെരുംജീരകത്തിന്റെ കയറ്റുമതിയ്ക്കാണ് ഏറ്റവും വളർച്ചയുണ്ടായത്. അളവിൽ 129 ശതമാനവും മൂല്യത്തിൽ 79 ശതമാനവും വർധനയാണ് പെരുംജീരകം രേഖപ്പെടുത്തിയത്. വെളുത്തുള്ളിയുടെ കയറ്റുമതിയിൽ മൂല്യത്തിൽ 92 ശതമാനം വർധനയും അളവിൽ 39 ശതമാനം വർധനയുമുണ്ടായി. ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയിൽ 25 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം 4050 ടൺ ഉണ്ടായിരുന്നത് ഇക്കുറി 5070 ടൺ കയറ്റുമതിയായി. അയമോദകം കയറ്റുമതി കഴിഞ്ഞ വർഷത്തെ 53.28 കോടി രൂപയിൽ നിന്ന് 62.46 കോടി രൂപയായി. അളവ് 5310 ടണിൽ നിന്നും 6250 ടണ്ണായി.
രാജ്യത്തെ ജൈവകൃഷിയുടെ പ്രധാനമേഖലയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ഏലത്തിന്റെ ഉത്പാദനം ഇനിയും കൂട്ടാനുള്ള പരിശ്രമം ഉണ്ടാകുമെന്ന് ഡോ എ ജയതിലക് പറഞ്ഞു. ഇക്കുറി വലിയ ഏലത്തിന്റെ കയറ്റുമതി അളവിൽ 30 ശതമാനവും മൂല്യത്തിൽ 9 ശതമാനവും വർധന നേടി.
പരമ്പരാഗത സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നും മികച്ച സംസ്‌കരണം നടത്തിയ ഉത്പന്നങ്ങളിലേക്ക് ആഗോള ജനത മാറുന്നതിന്റെ ഉദാഹരണമാണ് ഈകണക്കുകൾ കാണിക്കുന്നത്. അതിന്റെ ഫലമാണ് രാജ്യത്തെ സുഗന്ധവ്യഞ്ന കയറ്റുമതിയിൽ ഉണ്ടായ ഈ നേട്ടം.