സ്റ്റാലിനെയും ഡി.എം.കെ. നേതാക്കളെയും അറസ്റ്റ് ചെയ്തു

0
130

തമിഴ്‌നാട് നിയമസഭയില്‍നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തിനിടെ ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിനെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തു. നിയമസഭയില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്റ്റാലിനെയും 86 എം.എല്‍.എമാരേയും പുറത്താക്കിയിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിക്ക് വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്ന ഒളികാമറാ ഓപ്പറേഷന്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ സമരം.

നാടകീയ സംഭവങ്ങള്‍ക്കാണ് നിയമസഭ ഇന്ന് സാക്ഷിയായത്. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡി.എം.കെയുടെ പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് ഗതാഗതം തടസപ്പെടുത്തിയതിനാണ് സ്റ്റാലിന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഒരു സ്വകാര്യ ചാനല്‍ ഫെബ്രുവരിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനായി പണം നല്‍കുന്ന വീഡിയോ പുറത്ത് വിട്ടത്. എത്ര പണമാണ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഇതിന്‍ മേല്‍ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ എം.കെ സ്റ്റാലിന്‍ സഭയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്റ്റാലിനും സംഘവും ബഹളം വയ്ക്കുകയായിരുന്നു. പിന്നീടാണ് ഇവരെ പുറത്താക്കിയത്.