ആഡംബര വിവാഹം: ഗീതാ ഗോപി എം.എല്‍.എക്ക് സി.പി.ഐയുടെ താക്കീത്

0
137

മകളുടെ വിവാഹം ആഡബരപൂര്‍വം നടത്തിയതിന് നാട്ടിക എം.എല്‍.എ. ഗീതാ ഗോപിയെ സി.പി.ഐ. താക്കീത് ചെയ്തു. സി.പി.ഐ. തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടൂവ് കമ്മറ്റിയാണ് വിവാദ വിഷയം ചര്‍ച്ച ചെയ്ത് എം.എല്‍.എയെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്.

ആഡംബര വിവാഹത്തെ തുടര്‍ന്ന് സി.പി.ഐ. ജില്ലാ കമ്മറ്റി എം.എല്‍.എയോട് വിശദീകരണം ചോദിച്ചിരുന്നു. വിവാഹത്തിന് മകളണിഞ്ഞത് 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ്. ഇതില്‍ 50 പവന്‍ മാത്രമാണ് താന്‍ നല്‍കിയതെന്ന് വിശദീകരണത്തില്‍ എം.എല്‍.എ. വ്യക്തമാക്കിയിരുന്നു. ഇതിനിടെതന്നെ എം.എല്‍.എയെ പിന്തുണച്ചും എതിര്‍ത്തും പാര്‍ട്ടിയില്‍ അഭിപ്രായം രൂപപ്പെട്ടിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹചടങ്ങ് നടത്തിയത്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകായതുകൊണ്ട് ചടങ്ങില്‍ നിരവധി അതിഥികള്‍ പങ്കെടുത്തു. വിവാഹസദ്യ ഒരുക്കിയത് ബന്ധുവാണ്. വീട്ടില്‍ തയാറാക്കിയ സദ്യ മണ്ഡപത്തിലേക്ക് എത്തിക്കുയായിരുന്നു. വിവാഹച്ചെലവിന്റെ കണക്കുകളും ഗിത ഗോപി ജില്ലാ നേതൃത്വത്തിന് കൈമാറിയിരുന്നു.

ഇതിനിടെ മകളുടെ വിവാഹം ആഡംബരമായി നടത്തിയ എം.എല്‍.എ. ഗീത ഗോപിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. ആഡംബരവിവാഹം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സിനും ആദായനികുതി വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് വിവാഹം നടത്താനും 300 പവന്‍ സ്വര്‍ണം സ്ത്രീധനം നല്‍കാനുമുളള പണത്തിന്റെ സ്ത്രോതസ് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. എം.എല്‍.എ. ആഡംബരകാര്‍ വാങ്ങിയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.