ഇന്ത്യ-പാക്ക് അതിർത്തിക്കു പകരം കേന്ദ്ര റിപ്പോർട്ടിൽ സ്പെയിൻ-മൊറോക്കോ അതിര്‍ത്തി

0
89

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ അതിർത്തിയിലെ ചിത്രം മാറിപ്പോയതു വിവാദമായി. ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ച ഫ്ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു വിവാദം സൃഷ്ടിച്ചത്. ചിത്രം ഇന്ത്യ-പാക്ക് അതിർത്തിയിലേതല്ലെന്നും സ്പെയിൻ- മൊറോക്കോ അതിർത്തിയിലേതാണെന്നുമാണു റിപ്പോർട്ട്.

സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രാലായം അന്വേഷണത്തിന് ഉത്തരവിട്ടു. ബിഎസ്എഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി രാജീവ് മെഹർഷി പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കിൽ ക്ഷമ ചോദിക്കുമെന്നും മെഹർഷി പറഞ്ഞു. വാർഷിക റിപ്പോർട്ടിന്റെ 40-ാം പേജിലാണു വിവാദ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

2006 ൽ സ്പാനിഷ് ഫോട്ടോഗ്രഫർ സാവിയേർ മൊയാനോ പകർത്തിയ ചിത്രമാണ് ആഭ്യന്തരമന്ത്രാലയം ഇന്ത്യൻ അതിർത്തിയിലേതെന്നു പറഞ്ഞു നൽകിയിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റിപ്പോർട്ടിലെ അബദ്ധം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ 2043.76 കിലോമീറ്റർ നീളത്തിൽ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാനാണു കേന്ദ്രം തീരുമാനിച്ചിരുന്നത്.

ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലായാണു പാക്കിസ്ഥാനുമായി ഇന്ത്യ അതിർത്തി പങ്കിടുന്നത്. എൽഇഡി ബൾബുകളാണ് പദ്ധതിക്കു ഉപയോഗിക്കുകയെന്നും സർക്കാർ പറഞ്ഞിരുന്നു. 1943.76 കിലോമീറ്റർ പ്രദേശത്ത് വിളക്കുകൾ സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനു തെളിവായി റിപ്പോർട്ടിൽ ചേർത്ത ചിത്രമാണു ആഭ്യന്തര മന്ത്രാലയത്തെ കുഴപ്പത്തിലാക്കിയത്.