കൊച്ചി മെട്രോറെയില്‍ ഉദ്ഘാടന ചടങ്ങിനുള്ള വേദിയില്‍നിന്നും മെട്രോ മാന്‍ ഇ.ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് മനപ്പൂര്‍വമെന്ന് റിപ്പോര്‍ട്ട്. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചതിനെയും തുടര്‍ന്നാണ് ഇ.ശ്രീധരന്റെ പേര് ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇരുത്തുന്നതിനെക്കാള് വലിയ ചുമതല ഇ.ശ്രീധരന് നല്‍കുന്നതിനെക്കുറിച്ച് ബി.ജെ.പിയില്‍ ആലോചന നടക്കുന്നതിനാലാണ് അദ്ദേഹത്തെ ഈ ചെറിയ പരിപാടിയില്‍നിന്നും ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നയാളാണ് ഇ.ശ്രീധരന്. ഒരു പൊതുസമ്മതനെന്ന നിലയില്‍ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രിയും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം അദ്ദേഹം വേദി പങ്കിടുന്നത് ശരിയല്ലെന്നുകണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് പറയുന്നത്. അതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്താനും ഇ.ശ്രീധരന് തയാറായിരുന്നില്ല. പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാലാണ് അദ്ദേഹം ഒരു പ്രതികരണത്തിന് മുതിരാതിരുന്നത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പി. പരിഗണിക്കുന്ന പേരുകളില്‍ ഒന്നു മാത്രമാണ് ഇ.ശ്രീധരന്റേത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സ്ഥാനാര്‍ഥിയാക്കണമെന്നും അഭിപ്രായമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തന്റെ വിശ്വസ്തനായ ജെയ്റ്റ്ലിയെ ആ സ്ഥാനത്തേക്കു കൊണ്ടുവരാന്‍ താല്പര്യമുണ്ട്. പക്ഷേ ജെയ്റ്റ്ലി അതിനു സമ്മതം മൂളുന്നില്ല. എല്‍.കെ.അദ്വാനി, സുഷമ സ്വരാജ്, എം.എം.ജോഷി, സുമിത്ര മഹാജന് എന്നിവരുടെ പേരുകളും ബി.ജെ.പി. ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രപതിയാകാന്‍ താല്പര്യമില്ലെന്ന് ജെയ്റ്റ്ലി അറിയിച്ചതോടെയാണ് ഇ.ശ്രീധരന്റെ പേരിലേക്ക് ബി.ജെ.പി. എത്തിയത്. ഏതായാലും അടുത്ത രാഷ്ട്രപതി രാജ്യത്തിന്റെ തെക്കന്മേഖലയില്നിന്നാകുമെന്നതരത്തിലുള്ള ചര്‍ച്ചകളാണ് മുന്നോട്ടുപോകുന്നത്. ഇ.ശ്രീധരന്, കേരളാ ഗവര്‍ണര്‍ പി.സദാശിവം, സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് എന്നിങ്ങനെ പട്ടിക നീളുകയാണ്.