എം.എല്‍.എ ആകാന്‍ ഇറങ്ങിയ സുരേന്ദ്രനെതിരെ വ്യാജരേഖ കേസും വന്നേക്കും

0
1698
എം.എല്‍.എ ആകുമെന്ന ഉറച്ച വിശ്വാസത്തോടെ നിയമപോരാട്ടത്തിനു ഇറങ്ങിയ ബിജെപി നേതാവ് കെ.സുരേന്ദ്രനെ മഞ്ചേശ്വരം  നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കേസ് തിരിഞ്ഞുകുത്തുന്നു. പി ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വിചാരണ നടക്കുന്ന കേസിലാണ് ബിജെപി സ്ഥാനാര്‍ഥി വെട്ടിലായത്. കോടതിയില്‍ സുരേന്ദ്രന്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കയാണ്.

മരിച്ച ആറുപേരുടെ പേരില്‍ വോട്ടുചെയ്തതായാണ് സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. ഇതില്‍ മൂന്നുപേരും ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെട്ടതോടെ കേസ് ദുര്‍ബലമായി. ജീവിച്ചിരിക്കുന്ന തങ്ങളെ പരേതരാക്കിയ സുരേന്ദ്രനെതിരെ ഇവര്‍ നിയമ നടപടിക്കൊരുങ്ങുകയുമാണ്. ഹൈക്കോടതിയില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തിയ ശേഷമാകും നിയമനടപടി. അതേസമയം, കോടതി വിധിയിലൂടെ ‘എംഎല്‍എ’യാകാമെന്ന് മോഹിച്ചയാള്‍ വ്യാജരേഖ സൃഷ്ടിച്ചതിനും അസത്യവാങ്മൂലം സമര്‍പ്പിച്ചതിനും ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ്.

മഞ്ചേശ്വരം വോര്‍ക്കാടി ബാക്രബയലിലെ ഹമീദ് കുഞ്ഞി(79), മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ഗേറ്റ് ബൂത്ത് നമ്പര്‍ അറുപതിലെ അബ്ദുള്ള മമ്മൂഞ്ഞി, ബംബ്രാണ നഗറിലെ ആയിഷ(60) എന്നിവരടക്കം ആറുപേര്‍ മരിച്ചവരാണെന്നും ഇവരുടെ വോട്ട് യുഡിഎഫിന് അനുകൂലമായി ചെയ്തുവെന്നുമാണ് സുരേന്ദ്രന്റെ സത്യവാങ്മൂലം. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ആറുപേര്‍ക്കും നോട്ടീസയച്ചു.  ഇവരില്‍ മൂന്ന് പേര്‍ ഹൈക്കോടതി ചുതലപ്പെടുത്തിയ പൊലീസുകാരില്‍നിന്ന് നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി സത്യാവസ്ഥ ബോധ്യപ്പെടുത്തും. ആറുപേരില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 20-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ഹാജി അഹമ്മദ് ബാബ ജീവിച്ചിരിപ്പില്ല. ഇയാളുടെ വോട്ടും ചെയ്തിട്ടില്ല.

പ്രവാസികളുടെ  വോട്ട് കള്ളവോട്ട് ചെയ്തുവെന്നതിന് സമര്‍പ്പിച്ച പട്ടികയും കെട്ടിച്ചമച്ചതാണെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടായിരുന്നുവെന്നും സ്വന്തം വോട്ട് മറ്റാര്‍ക്കും ചെയ്യാന്‍ അവസരം കൊടുത്തിട്ടില്ലെന്നും വോര്‍ക്കാടി ബാക്രബയലിലെ അനസ്  വ്യാഴാഴ്ച കോടതിയില്‍ ബോധിപ്പിക്കും. ഗള്‍ഫില്‍ പോകാത്ത അനസിനെയാണ് സുരേന്ദ്രന്‍ പ്രവാസിപ്പട്ടികയില്‍പെടുത്തിയത്.

ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച പി ബി അബ്ദുർ റസാഖ് വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാൽ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്. വാശിയേറിയ മത്സരത്തിൽ പി.ബി അബ്ദുർ റസാഖ് 89 വോട്ടിന് വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.