എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ? വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് ഇ.ശ്രീധരന്‍

0
103

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍നിന്നു തന്നെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് വിവാദങ്ങളില്‍നിന്നൊഴിഞ്ഞ് ഇ.ശ്രീധരന്‍. ‘പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ പതിവാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിലേക്കു തന്നെക്ഷണിക്കാത്തതു വിവാദമാക്കേണ്ടതില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. തന്നെ ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ല. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. എന്നെ എന്തിനാണു ക്ഷണിക്കേണ്ട ആവശ്യം. ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ഇവിടെത്തന്നെയല്ലേ. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡി.എം.ആര്‍.സിയുടെ ആവശ്യമില്ല- മെട്രോയുടെ അവസാന ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം ഇ.ശ്രീധരന്‍ മാധ്യമങ്ങളോട്പറഞ്ഞു.

ഇതോടെ തന്നെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിവാദത്തിനുകൂടി അന്ത്യമുണ്ടാക്കാനുള്ള ശ്രമമാണ് ഇ.ശ്രീധരന്‍ നടത്തിയത്.

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ഇ.ശ്രീധരന്‍ അടക്കമുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു. ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എം.പി., മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ തുടങ്ങി ഏഴുപേര്‍ക്കു മാത്രമെ വേദിയില്‍ സ്ഥാനമുള്ളൂ.

സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 13 പേരുടെ പേരുകളായിരുന്നു ചടങ്ങിലേക്ക് നല്‍കിയത്. പിന്നീടിത് ഒമ്പതാക്കി ചുരുക്കി. ഇതും വെട്ടിച്ചുരുക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടികയിറക്കിയത്. ഇതിനെത്തുടര്‍ന്ന് ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരുന്നു.