കടുവകളെ മെരുക്കി കലാശപോരിന് കച്ചമുറുക്കാന്‍ ഇന്ത്യ

0
145

ചാമ്പ്യൻസ് ട്രോഫി നിലനിര്‍ത്താനായി ഇംഗ്ലണ്ടില്‍ വിമാനം ഇറങ്ങിയ ഇന്ത്യ കലാശപോരാട്ടത്തില്‍ ഇടം പിടിക്കാനുള്ള പരീക്ഷണത്തെ ഇന്ന് നേരിടും. സെമി ലൈനപ്പിലെ അപ്രതീക്ഷിത ടീം ആണെങ്കിലും  അട്ടിമറിക്കു കെൽപ്പുള്ളവരാണ് ബംഗ്ല കടുവകളെന്നു പലവട്ടം തെളിയിക്കപ്പെട്ടു കഴിഞ്ഞതിനാൽ അത്ര നിസാരമായ ഒരു പോരാട്ടം ആകില്ല ഇന്നത്തേത് എന്ന് കോഹ്ലിക്കും കൂട്ടര്‍ക്കും അറിയാം.ടീം മികവില്‍  നിലവിലുള്ള ജേതാക്കളായ ഇന്ത്യയോടു കിടപിടിക്കുന്നതല്ല ബംഗ്ലദേശ് ടീം എന്നതിനാൽ ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.

ഗ്രൂപ്പ് മൽസരങ്ങളിൽ പാക്കിസ്ഥാനെയും ലോക ഒന്നാംനമ്പർ ടീമായ ദക്ഷിണാഫ്രിക്കയെയും ആധികാരികമായി തോൽപിച്ചാണ് ഇന്ത്യ സെമിഫൈനലിൽ ഇടം പിടിച്ചത്. അതേസമയം അത്ര കരുത്തരല്ലാത്ത ശ്രീലങ്കയോട് വിരാട് കോഹ്ലിയും സംഘവും തോൽക്കുകയും ചെയ്തു. അതും മികച്ച ടോട്ടൽ പടുത്തുയർത്തിയശേഷം. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ ഇന്ത്യ 124 റൺസിനാണു തോൽപിച്ചത്. മഴ പെയ്തതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു വിജയം. രണ്ടാം മൽസരത്തിൽ ശ്രീലങ്കയോടേറ്റത് തീർത്തും അപ്രതീക്ഷിതമായ തോൽവി. ഇന്ത്യ 321 റൺസെടുത്ത ശേഷമാണ് ലങ്കൻ ബാറ്റിങ്ങിനു മുന്നിൽ ചൂളിപ്പോയത്. എട്ടു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക 322 റൺസെടുത്തു വിജയം കണ്ടപ്പോൾ മൂന്നാംമൽസരം നിർണായകമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തിൽ പക്ഷേ, ഇന്ത്യ അക്ഷരാർഥത്തിൽ മിന്നിത്തിളങ്ങി. തകർപ്പൻ ബോളിങ്ങും എണ്ണംപറഞ്ഞ ഫീൽഡിങ്ങും കിടിലൻ ബാറ്റിങ്ങുമായി കോഹ്ലിക്കൂട്ടം അനായാസം ജയിച്ചുകയറി; അതും എട്ടു വിക്കറ്റിന്. മറുവശത്തു ബംഗ്ലദേശാകട്ടെ ഭാഗ്യത്തിന്റെ കൂടി ബലത്തിലാണ് അവസാന നാലു ടീമുകളിലൊന്നായത്. ന്യൂസീലൻഡിനെ തോൽപിച്ച അവർ ഇംഗ്ലണ്ടിനോടു തോൽവി വഴങ്ങി. എന്നാൽ ഓസ്‌ട്രേലിയയോടു തോൽക്കേണ്ട മൽസരം പാതിവഴിയിൽ മഴയെടുത്തതോടെ പങ്കുവച്ചുകിട്ടിയ പോയിന്റ് അവർക്കു സെമിയിലേക്കുള്ള ബലമായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ഇന്ത്യയാണ് എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാനും തന്നെ ബാറ്റിങ് ഹീറോകൾ. മൂന്നു കളികളിലും അർധസെഞ്ചുറി നേടിയ ധവാൻ അതിലൊന്ന് തകർപ്പൻ സെഞ്ചുറിയാക്കുകയും ചെയ്തു. ആവശ്യനേരത്തു ഫോമിലാകുന്ന യുവരാജ് സിങ്ങും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമൊക്കെ കളിയുടെ ഗതി മാറ്റാൻ കരുത്തുള്ളവർ.

ബോളിങ്ങിലാകട്ടെ ഇന്ത്യയുടെ പേസർമാരെല്ലാം മികച്ച ഫോമിലാണുതാനും. ഭുവനേശ്വർ കുമാറും ജസ്പ്രിത് ബുമ്രയും കളം പിടിക്കുന്നു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും സ്പിൻ വിഭാഗത്തിനു കരുത്തേകുന്നു. മറുവശത്ത് ബംഗ്ലദേശിനാകട്ടെ ഇന്ത്യയോടു കിടപിടിക്കുന്ന താരനിരയില്ല. തമിം ഇഖ്ബാൽ, ഷാക്കിബ് അൽ ഹസൻ, മഹമ്മദുല്ല, മുഷ്ഫിഖർ റഹീം എന്നിവരൊക്കെ അവരുടെ ദിനത്തിൽ ആർക്കും വെല്ലുവിളിയുയർത്തും. ന്യൂസീലൻഡിനെ തോൽപിച്ച കളിയിൽ ഷാക്കിബും മഹമ്മദുല്ലയും സെഞ്ചുറികൾ നേടിയിരുന്നു. മഷ്‌റഫേ മുർത്താസ, മുസ്തഫിസുർ റഹ്മാൻ എന്നിവരടങ്ങിയ ബോളിങ് നിരയും കരുത്തരാണ്. കടലാസിലും കരുത്തിലും ഇന്ത്യ ബഹുദൂരം മുന്നിൽനിൽക്കുന്നതിനാൽ ഫൈനൽ പ്രവേശം അനായാസമാകും എന്നാണു കണക്കുകൂട്ടൽ. മൽസര ഫലങ്ങൾ മാറ്റിമറിക്കുന്ന വിധത്തിൽ മഴ ഇടപെടല്ലേ എന്ന പ്രാർഥനയിലാണ് ആരാധകർ.