കളിച്ചുകൊണ്ടിരിക്കേ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അകപ്പെട്ട അഞ്ച് വയസുള്ള ഇരട്ട സഹോദരിമാര്‍ മരിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹര്‍ഷ, ഹര്‍ഷിത എന്നിവരാണ് മരിച്ചത്. ന്യൂഡല്‍ഹിയിലെ ജമല്പൂര് ഗ്രാമത്തിലാണ് സംഭവം നടന്നത്.
കളിക്കുന്നതിനിടെ പഴയ കാറിനുള്ളില്‍ കയറിയ കുട്ടികള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് കരുതുന്നു. നായ്ക്കുട്ടിക്കൊപ്പം കാറിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരട്ടകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാലോടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ രാത്രി 7.30 ഓടെയാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. ലോക്ക് ചെയ്യാത്ത നിലയിലാണ് പഴയ കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഡോര്‍ ഉള്ളില്‍നിന്ന് തുറക്കാന്‍ കഴിയാത്ത നിലയിലുമായിരുന്നു.ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.