കിടപ്പറയിലും ഇനി മോദി ആധാര്‍ നിര്‍ബന്ധമാക്കുമോ ?

0
142

എന്തൊക്കെയായിരുന്നു…നോട്ടു നിരോധന ദുരിതം പേറുന്ന ജനതയ്ക്കുള്ള മോദിയുടെ 2017 ലെ പുതുവര്‍ഷ സമ്മാനമായി ആദ്യ രണ്ടു പ്രസവത്തിന് 6000 രൂപ വീതം സഹായം..ബംഗാളില്‍ വെളുത്തു തുടുത്ത നല്ല കുഞ്ഞുങ്ങളെ ലഭിക്കാന്‍ ഉള്ള ആര്‍.എസ്.എസിന്‍റെ ഗര്‍ഭ സംസ്കാര്‍ പദ്ധതി…ഒടുവില്‍ ഇതാ ബെഡ് റൂമില്‍ എന്ത് ചെയ്യണം എന്ന കേന്ദ്രം വക മാര്‍ഗ നിര്‍ദേശം വരെയായി . ഇനി ഭാര്യയുമായി ലൈംഗീക ബന്ധം പുലര്‍ത്താന്‍ ആധാര്‍ കൂടി നിര്‍ബന്ധമാക്കിയാല്‍ എല്ലാം പൂര്‍ണം..അല്ല ഈ കേന്ദ്ര സര്‍ക്കാര്‍ ഇതെന്തു ഭാവിച്ചാ ?

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം ഗർഭിണികൾക്കായി പുറത്തിറക്കിയ ലഘുലേഖയിലെ നിർദേശങ്ങളും ഉപദേശങ്ങളും വിചിത്രവും സ്ത്രീവിരുദ്ധവുമാണ്. യോഗദിനമായ ജൂൺ 21-ലേയ്ക്കായി മന്ത്രാലയത്തിനുവേണ്ടി സർക്കാർ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന യോഗ, പ്രകൃതിചികിത്സ എന്നിവയിൽ ഗവേഷണം നടത്തുന്ന കേന്ദ്രസമിതിയാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. അമ്മയും ശിശുക്ഷേമവും എന്ന പേരിലുള്ള ലഘുലേഖ പറയുന്നത് ഗർഭകാലത്ത് സ്ത്രീകൾക്ക് ലൈംഗികബന്ധം പാടില്ലെന്നും മാംസാഹാരം കഴിക്കരുതെന്നും ചീത്തക്കൂട്ടുകെട്ട് ഒഴിവാക്കണമെന്നും എപ്പോഴും ആത്മീയചിന്തയുമായി നടക്കണമെന്നുമാണ്. ഗർഭിണികൾ അവരുടെ മുറി ഭംഗിയുള്ള ചിത്രങ്ങൾകൊണ്ട് അലങ്കരിക്കുകയും വേണം. ഇതൊക്കെ ചെയ്താൽ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുമത്രേ!
ഒരുനേരം നേരെചൊവ്വേ ഭക്ഷണം കഴിക്കാനില്ലാത്ത 80 ശതമാനം ജനങ്ങളുള്ള നാട്ടിലാണ് ഈ അസംബന്ധ ഉപദേശം കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. ഗർഭിണികളിൽ 90 ശതമാനവും വിളർച്ചയ്ക്കും പോഷകാഹാരക്കുറവിനും വിധേയരാണ്. പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള ആരോഗ്യമോ ആവശ്യത്തിന് മുലപ്പാലുപോലുമോ ഇല്ലാത്ത രാജ്യത്തിന്റെ ദരിദ്രചിത്രം എന്തെന്നുപോലും അറിയാത്ത ഭരണകൂടം ഇതും ഇതിലപ്പുറവും പറയും, ഒരർത്ഥത്തിൽ വിളർച്ച നേരിടുന്ന സാമൂഹ്യ സാമുദായിക പിന്നാക്കാവസ്ഥമൂലം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രായപൂർത്തിയാകും മുമ്പും അല്ലാതെയും വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്ന, തുടർന്ന് ഗർഭിണികളാകുന്ന ദരിദ്ര പെൺകുട്ടികളോടുള്ള അവഹേളനമാണ് ഈ ലഘുലേഖ വ്യക്തമാക്കുന്നത്. രണ്ടുകുഞ്ഞുങ്ങളുള്ള കുട്ടികളുടെ അമ്മയ്ക്ക് 6000 രൂപ ഗർഭചികിത്സയ്ക്കായി നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായതോ പോകട്ടെ, അത് ഒരു കുഞ്ഞിനു മാത്രമായി പദ്ധതി പ്രഖ്യാപനം കഴിഞ്ഞ 6 മാസത്തിനകം വെട്ടിച്ചുരുക്കിയ കേന്ദ്രഭരണത്തിന്റെ ഗർഭിണികളോടുള്ള ആത്മാർഥത ഊഹിക്കാവുന്നതേയുള്ളൂ.
അതിനേക്കാൾ അപകടകരമായ ഒന്ന് ഈ ലഘുലേഖയ്ക്ക് പുറകിലുണ്ട്. നമ്മൾ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, എന്ത് തൊഴിൽ ചെയ്യണം എന്നൊക്കെ കേന്ദ്രസർക്കാർ തീരുമാനിക്കാൻ പല നിയമങ്ങളും കൊണ്ടുവരികയാണല്ലോ. ഇടയ്ക്ക് വിവാഹം കഴിഞ്ഞ് മധുവിധു എവിടെ ആഘോഷിക്കണമെന്നതിന് കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നൊരു തിട്ടൂരവും വന്നു. ഇപ്പോഴിതാ സ്ത്രീകൾ എപ്പോൾ ലൈംഗികബന്ധത്തിലേർപ്പെടണമെന്നതിന് ഭരണകൂടം കൽപ്പന പുറപ്പെടുവിക്കുന്നു.
ബഹുസ്വരത നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ ആർഎസ്എസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗംകൂടിയാണ് ഈ ലഘുലേഖ. രാജ്യത്തിന്റെ ചരിത്രം, ഭക്ഷണരീതി, വസ്ത്രരീതി, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസങ്ങൾ എല്ലാംതന്നെ വർഗീയവൽക്കരിക്കാനും ആർഎസ്എസിന്റെ ഹിതമനുസരിച്ച് മാറ്റിമറിക്കാനും മോഡിസർക്കാർ അതീവസാമർഥ്യത്തോടെ അധികാരത്തെ ഉപയോഗിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഇരകളിന്ന് സ്ത്രീകളും ദളിത് ജനസമൂഹവും ന്യൂനപക്ഷവുമാണ്. മനുഷ്യന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വർഗീയവൽക്കരിച്ച് ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ആദ്യം ഹിന്ദു സ്ത്രീകൾ പത്തുകുട്ടികളെ പ്രസവിച്ച് ഹിന്ദുജനസംഖ്യ കൂട്ടണമെന്നവർ ആഹ്വാനം ചെയ്തു. പിന്നീട് സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമെന്നും ആരുടെ കൂടെ എപ്പോൾ പുറത്തുപോകണമെന്നും ആരെ വിവാഹം ചെയ്യണമെന്നും മധുവിധു എവിടെയായിരിക്കണമെന്നും ശാസനകൾ പുറപ്പെടുവിച്ചു. ഇപ്പോൾ ഗർഭിണികൾ എന്ത് കഴിക്കണം, എപ്പോൾ ലൈംഗികബന്ധം പുലർത്തണം, ആരുടെ ചങ്ങാത്തമാകണം എന്നുകൂടി കൽപ്പിച്ചിരിക്കുന്നു.

ബിജെപി അധികാരത്തിൽ വന്നയുടൻതന്നെ എല്ലാ മേഖലകളിലും ആർഎസ്എസിന്റെ അജൻഡകൾ നടപ്പിലാക്കാനുള്ള നീക്കം ആരംഭിച്ചതാണ്. ആർഎസ്എസിന്റെ ആരോഗ്യവിഭാഗം ഗർഭ്വിജ്ഞാൻ സൻസ്‌ക്കാർ എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഉപജ്ഞാതാവായ ആർഎസ്എസ് പ്രമുഖൻ ഡോ. അശോക്കുമാർ വർഷനെ പറയുന്നത് ഗർഭസംസ്‌കാർ (പ്രെഗ്‌നൻസി കൾച്ചർ) എന്ന ആശയം കിട്ടിയത് 40 വർഷം മുമ്പ് ജർമ്മനിയിൽ നിന്നാണത്രേ. ആര്യമതത്തിൽപ്പെട്ട കുട്ടികൾ കൂടുതൽ ജനിക്കാനും ജൂതസന്താനങ്ങൾ ഉണ്ടാകാതിരിക്കാനും ഹിറ്റ്‌ലറുടെ നാസി ഭരണകൂടം തയ്യാറാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ ആശയം ഇന്ത്യയിൽ ഇവർ നടപ്പിലാക്കുന്നത്. ഹിന്ദു കുഞ്ഞുങ്ങൾ അതും വെളുത്ത കുഞ്ഞുങ്ങൾ മാത്രം പിറക്കാൻ സ്ത്രീകൾ ആരോട് എപ്പോൾ ഇണചേരണമെന്ന താത്വിക പരിശീലനമാണ് ആർഎസ്എസ് ഗർഭ് വിജ്ഞാൻ സൻസ്‌ക്കാറിലൂടെ രാജ്യത്തെ സവർണ സ്ത്രീകൾക്ക് നൽകിവരുന്നത്.
ഈ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പുതിയ ലഘുലേഖ വഴി തയ്യാറായിരിക്കുന്നു. പൗരന്റെ ഭരണഘടനാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കാത്ത ഒരു ഭരണകൂടമായി ബിജെപി സർക്കാർ മാറുന്നതിന്റെ കാഴ്ചയാണ് കാണുന്നത്. മനുഷ്യന്റെ എല്ലാവിധ വ്യക്തിഗത സ്വാതന്ത്ര്യങ്ങളെയും വൈകാരിക അവകാശങ്ങളെപ്പോലും കവർന്നെടുക്കുന്ന ഈ രീതി ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നയങ്ങൾക്ക് സമാനമാണെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്തെ സ്ത്രീകൾ ഇതിനെതിരെ തിരിയുമെന്ന കാര്യത്തിൽ തർക്കമില്ല. ഇണചേരലിനുപോലും സർക്കാർ സമയവും കാലവും നിശ്ചയിക്കുന്ന അസംബന്ധകാലത്തേയ്ക്ക് രാജ്യത്തെ നയിക്കാൻ മോഡി സർക്കാർ ഒരുങ്ങുമ്പോൾ നിശബ്ധമായി നില്‍ക്കാന്‍ കഴിയില്ലല്ലോ…എന്‍റെ ഭാര്യ, എന്‍റെ കിടപ്പറ, എന്നൊക്കെ കരുതുന്ന കാലം പോയി എന്‍റെ ഭാര്യ ആണെങ്കിലും സര്‍ക്കാരിന്റെ തിട്ടൂരം കാത്തു നില്‍ക്കുന്ന ദാമ്പത്യ അവസ്ഥയിലേക്ക് പോകുകയാണല്ലോ നമ്മുടെ നാട്…