കേരളത്തില്‍ പ്രവാസികളുടെ എണ്ണം കുറയുന്നു

0
314

അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവ് പ്രകടനമാവുന്നു. 1960കളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വൻതോതിൽ ആളുകൾ കയറി പോകുന്ന പ്രതിഭാസം ആരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രവാസികളുടെയെണ്ണത്തിൽ കുറവിന്റെ സൂചന കാണുന്നത്.
2016-ൽ നടന്ന കേരള പ്രവാസി സർവ്വേ ഫലങ്ങളിൽ 22.4 ലക്ഷം പ്രവാസികളാണ് കേരളത്തിൽ നിന്നുള്ളത്. 2014-ൽ ഇത് 24 ലക്ഷമായി. സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന് വേണ്ടി പ്രൊ. ഇരുദയം രാജനാണ് സർവ്വേ സംഘടിപ്പിച്ചത്.
നാടുവിട്ടു പോകുന്നവരുടെയണ്ണത്തിൽ വരും നാളുകളിലും കുറവു വരാനാണ് സാധ്യതയെന്ന് സർവ്വേ ചൂണ്ടികാട്ടുന്നു. പ്രവാസികളുടെയെണ്ണത്തിലുണ്ടാവുന്ന കുറവ് സംസ്ഥാനത്തിന്റെ വരുമാനത്തെയും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും ബാധിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
ജോലിക്കായി നാടുവിടുന്നവരുടെയെണ്ണത്തിൽ കുറവു വരാനുള്ള പ്രധാന കാരണം ജനസംഖ്യയിൽ ഉണ്ടായ കുറവാണെന്ന് ഇരുദയം രാജൻ ചൂണ്ടിക്കാട്ടുന്നു. 1980-കളിൽ ആരംഭിക്കുകയും 90-കളിൽ ശക്തിപ്പെടുകയും ചെയ്ത കുടുംബാസൂത്രണത്തെ തുടർന്ന് മിക്കവാറും വീടുകളിൽ രണ്ടു കുട്ടികൾ മാത്രമാണുള്ളത്. ജോലിക്കായുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ നടക്കുന്നത് 20നും 34നുമിടയിലുള്ള പ്രായത്തിലാണ്. 1990കളിൽ കുടുംബാസൂത്രണം ജനപ്രിയമായതോടെ ഈ പ്രായത്തിലുള്ള ആളുകളുടെയെണ്ണത്തിൽ വൻ കുറവാണ് വന്നിട്ടുള്ളത്. 2013-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനനനിരക്ക് 14.7 ശതമാനമാണ്. ഇന്ത്യയിൽ പൊതുവേ ഇത് 21.4 ആണ്. ഏറ്റവും ഉയർന്ന ജനനനിരക്ക് ബീഹാറിലാണ്. 27.4 ആണ്. കുടിയേറ്റ നിരക്കിൽ കുറവു സംഭവിക്കുന്ന പ്രക്രിയ കുറച്ചുനാൾ തുടരുമെങ്കിലും പ്രവാസികളുടെയെണ്ണം 20 ലക്ഷത്തിൽ കുറയാൻ സാധ്യതയില്ല. പ്രവാസി ജീവിതത്തോട് മലയാളിയുടെ മനസ്സിലലിഞ്ഞ അഭിനിവേശമാണ് ഇതിനു കാരണം.
ജനന നിരക്കിൽ ഉണ്ടായ കുറവിനു പിന്നാലെ ഗൾഫ് രാജ്യത്തെ കുറഞ്ഞ കൂലിയും ആളുകളെ ഗൾഫ് നാടുകളിലേക്കും പോകുന്നതിൽ നിന്ന് പിന്നാക്കം വലിക്കുന്നുണ്ട്. 2015-ൽ സംഭവിച്ച എണ്ണ പ്രതിസന്ധിയെ തുടർന്ന് കൂലി നിരക്കിൽ വൻകുറവാണ് സംഭവിച്ചത്. 2015-16 വർഷത്തിൽ ഉത്തർപ്രദേശ്, തമിഴ്നാട്, ബീഹാർ, പശ്ചിമബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം ആളുകൾ ഗൾഫിലേക്ക് ജോലി തേടി പോയിട്ടുള്ളത്. വിദേശ കാര്യമന്ത്രാലയം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ കേരളത്തിന്റെ പേര് ഏഴാം സ്ഥാനത്താണ്. പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന തുകയിലും കുറവു സംഭവിച്ചതായി സർവ്വേ ചൂണ്ടിക്കാണിക്കുന്നു. 2014-ൽ 7142 കോടിയാണ് കേരളീയർ നാട്ടിലേക്ക് അയച്ചത്. 2016-ൽ ഇത് ഗണ്യമായി ചുരുങ്ങി. 2016-ൽ നടത്തിയ സർവ്വേ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഇത്തരത്തിൽ നടത്തുന്ന ഏഴാമത്തെ സർവ്വേയാണ്. സംസ്ഥാനത്തെ 63 താലൂക്കുകളിലായി 13,247 വീടുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ ഫലം തയ്യാറാക്കിയത്.
സി ഡി എസിന്റെ അടുത്ത സർവ്വേ 2018-ലാണ് നടക്കുക. 1998-ൽ ആദ്യ സർവ്വേ നടക്കുമ്പോൾ കേരളത്തിൽ നിന്ന് 13.6 ലക്ഷം പേരാണ് പ്രവാസികളായി ഉണ്ടായിരുന്നത്. 2003-ൽ ഇത് 18.3 ലക്ഷമായി ഉയർന്നു. 2008-ൽ 21.9 ലക്ഷവും 2011-ൽ 22.8ലക്ഷവും 2014-ൽ 24 ലക്ഷവുമായിരുന്നു.
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രിയപ്പെട്ട ഇടം ജി ഐ സി രാജ്യങ്ങളാണ്. യു എ ഇയിൽ 40.3 ശതമാനവും സൗദി അറേബ്യയിൽ 23.9 ശതമാനവും 8.6 ഖത്തർ, 7.7 ഒമാൻ 4.9 കുവൈറ്റ്, 3.7 ബഹറിൻ എന്നിങ്ങനെയാണ് ശതമാന കണക്ക്. അമേരിക്കയിൽ 4.2 ശതമാനം ബ്രിട്ടനിൽ 1.6, കാനഡ 1.2, ഓസ്‌ട്രേലിയ 0.7, സിംഗപ്പൂർ 0.5 എന്നിങ്ങനെ പോവുന്നു മറ്റ് രാജ്യങ്ങളിലെ പ്രവാസികളുടെ കണക്കുകൾ.