ഗൂർഖാലാൻഡ്: ഡാർജിലിങ്ങിൽ അക്രമം തുടരുന്നു

0
119

ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി അനിശ്ചിതകാല ബന്ദ് ആരംഭിച്ച ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകരുടെ സമരത്തിനിടെ പലയിടത്തും സംഘർഷം. 400 അർധസൈനികരെ കൂടി കേന്ദ്രം ഡാർജിലിങ്ങിലേക്ക് നിയോഗിച്ചു. ഇതോടെ ക്രമസമാധാനത്തിനായി കേന്ദ്രം എത്തിച്ച സൈനികരുടെ എണ്ണം 1400 ആയി. ബംഗാൾ സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് കൂടുതൽ സൈന്യത്തെ മേഖലയിലേക്ക് അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

200 സ്ത്രീകൾ അടക്കം ആയിരത്തോളം അർധസൈനിക വിഭാഗം നിലവിൽ ഡാർജിലിങ്ങിൽ ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി മേഖലയിൽ ഉണ്ടാകുന്ന സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രമസമാധാനം തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ബംഗാളിൽ ഡാർജിലിങ്ങിൽ നിന്ന് ആക്രമണ ഭീഷണി മൂലം സഞ്ചാരികൾ ഒഴിഞ്ഞുപോയി. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഡാർജിലിങ്ങിൽ ബന്ദ് തുടരുകയാണ്. നിരവധി സർക്കാർ ഓഫിസുകൾ പ്രക്ഷോഭകാരികൾ തകർത്തു. പൊലീസിനുനേരെയും സർക്കാർ വാഹനങ്ങൾക്ക്‌നേരെയും പലയിടത്തും കല്ലേറ് ഉണ്ടായി. ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശം.