ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക്ക് ഫൈനൽ

0
168


അയൽക്കാരായ ബംഗ്ലദേശിനെ അനായാസം വീഴ്ത്തി ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിൽ. ബംഗ്ലാദേശ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. 11-ാം ഏകദിന സെഞ്ച്വറി കുറിച്ച ഓപ്പണർ രോഹിത് ശർമയുടെ (123*) പ്രകടനം നിറം ചാർത്തിയ ഇന്ത്യൻ ഇന്നിങ്‌സിൽ, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും അർധസെഞ്ചുറി (96*) കുറിച്ചു. ഇരുവരും ചേർന്ന് പിരിയാത്ത രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 178 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. ചാമ്പ്യൻസ് ട്രോഫിയിലെ ‘അസാധാരണ’ ഫോം സെമിയിലും തുടർന്ന ഓപ്പണർ ശിഖർ ധവാൻ, അർധസെഞ്ചുറിക്ക് നാലു റൺസകലെ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

ആരും കണ്ണുവച്ചുപോകുന്ന പ്രകടനവുമായാണ് നിലവിലെ ചാമ്പ്യൻമാർ കൂടിയായ ഇന്ത്യയുടെ ഫൈനൽ പ്രവേശം. ടോസ് ജയിച്ചതുമുതൽ ഈ മൽസരത്തിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതിനൊപ്പം നിൽക്കുന്ന പ്രകടനവുമായി ബോളർമാരും ഫീൽഡർമാരും ബാറ്റ്‌സ്മാൻമാരും അരങ്ങുതകർത്തതോടെ സെമി പോരാട്ടത്തിൽ ബംഗ്ലാ കടുവകൾ തീർത്തും നിഷ്പ്രഭരായിപ്പോയെന്നതാണ് സത്യം. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്കു മേൽ മേധാവിത്തം പുലർത്താൻ ബംഗ്ലാദേശിനായില്ല. അനായാസമായി ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയ പാക്കിസ്ഥാൻ കലാശപ്പോരിനായി കാത്തിരിക്കുമ്പോൾ, ഞായറാഴ്ചത്തെ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.

യുവരാജ് സിങ്ങിന്റെ 300-ാം ഏകദിനമെന്ന നിലയിൽ എക്കാലവും ഓർമിക്കപ്പെടേണ്ട മൽസരത്തിൽ, അദ്ദേഹത്തിന് ബാറ്റെടുക്കാനുള്ള അവസരം പോലും ആദ്യ മൂന്നു ബാറ്റ്സ്മാന്മാര്‍ ഉണ്ടാക്കിയില്ല എന്നതാണ് സത്യം. ധവാൻ-രോഹിത് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്നിങ്‌സിന് അടിത്തറയിട്ടപ്പോൾ, കോഹ്‌ലി-രോഹിത് സഖ്യം സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചു. രോഹിതും ധവാനും ചേർന്ന് 14.4 ഓവറിൽ 5.93 റൺസ് ശരാശരിയിൽ 87 റൺസെടുത്തപ്പോൾ കോഹ്‌ലി-രോഹിത് സഖ്യം 25.3 ഓവറിൽ 6.98 റൺസ് ശരാശരിയിൽ 178 റൺസെടുത്ത് വിജയമുറപ്പിച്ചു. 129 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്‌സ്. 78 പന്തുകൾ നേരിട്ട കോഹ്‌ലിയാകട്ടെ, 13 ബൗണ്ടറികൾ ഉൾപ്പെടെ 96 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശ് സ്‌കോർ 264ൽ ഒതുങ്ങിയതുകൊണ്ടു മാത്രം ഇന്ത്യൻ ക്യാപ്റ്റന് 28-ാം ഏകദിന സെഞ്ചുറിക്ക് നാലു റൺസ് അകലെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.

പരമ്പരയിലെ മൂന്നാം മൽസരത്തിലാണ് രോഹിത്-ധവാൻ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. ഇന്ത്യയ്ക്കായി ഇരുവരും ചാമ്പ്യൻസ് ട്രോഫിയിൽ ഓപ്പൺ ചെയ്തിട്ടുള്ള ഒൻപത് ഇന്നിങ്‌സുകളിൽ നാലു തവണ സെഞ്ചുറി കൂട്ടുകെട്ടും മൂന്നു തവണ അർധസെഞ്ചുറി കൂട്ടുകെട്ടും പിറന്നു. സ്‌കോർ 87ൽ നിൽക്കെ, 34 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമുൾപ്പെടെ 46 റൺസെടുത്ത് ധവാൻ മടങ്ങി. ബംഗ്ലദേശ് ക്യാപ്റ്റൻ മഷ്‌റഫെ മൊർത്താസയ്ക്കായിരുന്നു വിക്കറ്റ്. അതേസമയം, ഈ ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്‌കോറർ പട്ടം സ്വന്തം പേരിലാക്കിയാണ് ധവാൻ മടങ്ങിയത്. നാലു മൽസരങ്ങളിൽനിന്ന് 317 റൺസാണ് ധവാൻ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ഓപ്പണർ തമിം ഇക്ബാലാണ് (70) ബംഗ്ലദേശിന്റെ ടോപ് സ്‌കോറർ. 82 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെയാണ് തമിം 70 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ മുഷ്ഫിഖുർ റഹിമിനൊപ്പം തമിം കൂട്ടിച്ചേർത്ത 123 റൺസാണ് ബംഗ്ലാ ഇന്നിങ്‌സിന്റെ നട്ടെല്ല്. റഹിമും അർധസെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കേദാർ ജാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ സൗമ്യ സർക്കാരിനെ പുറത്താക്കി ഭുവനേശ്വർ കുമാർ ഗാലറിയിലെ ഇന്ത്യൻ ആരാധകരെ പുളകമണിയിച്ചു. അപ്പോൾ ബംഗ്ലദേശ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺ മാത്രം. വൺഡൗണായി ഇറങ്ങിയ സാബിർ റഹ്മാൻ തുടർച്ചയായി ബൗണ്ടറികൾ പായിച്ച് ബംഗ്ലാദേശിന്റെ സമ്മർദ്ദം അയച്ചു. എന്നാൽ, സ്‌കോർ 36ൽ നിൽക്കെ സാബിറിനെ മടക്കി ഭുവനേശ്വർ വീണ്ടും ആഞ്ഞടിച്ചു. 21 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 19 റൺസെടുത്ത സാബിർ, ജഡേജയ്ക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.

പിന്നീടായിരുന്നു ബംഗ്ലാദേശ് ആരാധകർ കാത്തിരുന്ന കൂട്ടുകെട്ട്. ഇന്ത്യൻ ബോളർമാരെ അനായാസം കൈകാര്യം ചെയ്ത തമിം ഇക്ബാൽ-മുഷ്ഫിഖുർ റഹിം സഖ്യം, മൽസരം ബംഗ്ലാദേശിന്റെ വഴിക്കു കൊണ്ടുവന്നു. 10 ഓവറിൽ ബംഗ്ലദേശ് 46 റൺസിലെത്തിയതോടെ, ഈ ടൂർണമെന്റിൽ ആദ്യ 10 ഓവറിൽ ബംഗ്ലദേശ് നേടുന്ന ഉയർന്ന സ്‌കോർ കൂടിയായി ഇതു മാറി. 36, 37, 24 എന്നിവയായിരുന്നു മുൻ മൽസരങ്ങളിലെ സ്‌കോറുകൾ. അധികം വൈകാതെ തമിം ഇക്ബാൽ പരമ്പരയിലെ മൂന്നാം അർധസെഞ്ചുറി പൂർത്തിയാക്കി. 62 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു തമീമിന്റെ അർധസെഞ്ചുറി.

റഹിം-തമിം കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെ രക്ഷകനായി കേദാർ ജാദവ് അവതരിച്ചു. 82 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 70 റൺസുമായി തമിം ഇക്ബാൽ ക്ലീൻ ബോൾഡ്. ഈ സമയത്ത് ബംഗ്ലാദേശ് സ്‌കോർ 28 ഓവറിൽ മൂന്നിന് 154. തുടർന്ന് മൽസരത്തിൽ പിടിമുറുക്കിയ ഇന്ത്യ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ബംഗ്ല സ്‌കോറിന് മൂക്കുകയറിട്ടു. സ്‌കോർ 184ൽ നിൽക്കെ റഹിമും മടങ്ങി. 85 പന്തിൽ നാലു ബൗണ്ടറികളോടെ 61 റൺെസടുത്ത റഹിമിനെ ജാദവ് കോഹ്‌ലിയുടെ കൈകളിലെത്തിച്ചു.ഷാക്കിബ് അൽ ഹസൻ (23 പന്തിൽ 15), മഹ്മൂദുല്ല (25 പന്തിൽ 21), മൊസാദേക് ഹുസൈൻ (26 പന്തിൽ 15) എന്നിവരും ചെറിയ സംഭാവനകൾ നൽകി മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മഷ്‌റഫെ മൊർത്താസ ബംഗ്ലാദേശ് സ്‌കോർ 250 കടത്തി. 25 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസെടുത്ത മൊർത്താസയും 14 പന്തിൽ 11 റൺസെടുത്ത ടസ്‌കിൻ അഹമ്മദും പുറത്താകാതെ നിന്നു.