ഡയബറ്റിസ് ബാധിച്ച കുട്ടികൾക്ക് ആരോഗ്യവകുപ്പിന്റെ മിഠായി

0
130

ജുവൈനൽ ഡയബറ്റിസ് ബാധിച്ച കുട്ടികൾക്ക് സഹായവുമായി ആരോഗ്യവകുപ്പിന്റെ മിഠായി പദ്ധതിക്ക് തുടക്കമായി. പദ്ധതിയിൽ ഉൾപ്പെടെത്തി രോഗം ബാധിച്ച കുട്ടികൾക്കും കൗമാരകാർക്കും സമ്പൂർണ പരിരക്ഷ നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആധുനിക രീതിയിലുള്ള ഡയബറ്റിസ്  ചികിൽസ പൂർണമായും സൗജന്യമായി മിഠായി പദ്ധതിയിലൂടെ നൽകും.

അഞ്ച് മുതൽ 15 വയസുവരെ പ്രായമുള്ളവരെയാണ് രോഗം ബാധിക്കുന്നത്. മുതിർന്നവരിൽ കാണുന്ന ഡയബറ്റിസിനെ അപേക്ഷിച്ച് കുട്ടികളിൽ ഇത് ഏറെ സങ്കീർണമാണ്. മിഠായി പദ്ധതിയിലൂടെ കുട്ടികൾക്ക് ഗ്ലൂക്കോ മീറ്ററും ഇൻസുലിൻ പമ്പും സൗജന്യമായി വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ നിർധനരായ 150 കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നീട് 150 പേരെയും ഉൾക്കൊള്ളിച്ച് 300 കുട്ടികൾക്ക് പദ്ധതിയുടെ ഗുണഫലം അനുഭവിക്കാനാകും. തിരുവനന്തപുരം, ആലപ്പുഴ , കോഴിക്കോട് മെഡിക്കൽ കോളജുകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടുങ്ങളിൽ ഡയബറ്റീസ് സെന്റർ, വിദഗ്ധ ഡോക്ടർമാരുടെ സേവനം എന്നിവയുണ്ടായിരിക്കും.

പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ, സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ലഭിക്കും. 18 വയസിൽ താഴെ പ്രായമുള്ള കേരളത്തിൽ സ്ഥിരതാമസക്കാരായ രണ്ടു ലക്ഷത്തിൽ താഴെ കുടുംബ വരുമാനമുള്ള കുട്ടികളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. മധുരം കഴിക്കാനാവാത്ത കുഞ്ഞുങ്ങളെ സാധാരണ കുട്ടികളുടെ അവസ്ഥയിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡയബറ്റിസ് സെന്ററുകളിൽ ഒരു എംഎസ്‌സി നഴ്‌സിന്റെയും ഡയറ്റീഷ്യന്റെയും സേവനം ല’്യമാക്കും. രോഗബാധിതരായ കൂടുതൽ കുട്ടികൾ എത്തിയാൽ അവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കുന്നതിനു മാതാപിതാക്കൾക്കും പരിശീലനം നൽകും. ചികിൽസയ്ക്കായി ഒരു കുട്ടിക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ വരെ ചെലവാണു വരുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹബാധിതയായി ചികിത്സയിൽ കഴിയുന്ന ഫാത്തിമ റഫീക് എന്ന കുട്ടിയെ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സോഷ്യൽ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻകെ കുട്ടപ്പൻ, സാമൂഹ്യ സുരക്ഷ മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യുസ് നമ്പേരി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു