പകര്‍ച്ചപനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

0
141

സംസ്ഥാനത്ത് പനി പടർന്നുപിടിക്കുന്നത് തടയാൻ സർക്കാർ കാര്യക്ഷമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എന്നാൽ പനി പടർന്നു പിടിക്കുന്നത് പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ വർഷത്തേക്കാൾ പനിബാധിതർ ഇത്തവണ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പനിയുൾപ്പടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം വലിയതോതിൽ ഉണ്ടാവുമെന്ന് കണക്കിലെടുത്ത് കഴിഞ്ഞ ജനുവരിമുതൽതന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും പനി പടർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനും പരിസര ശൂചീകരണം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികൾ വലിയതോതിൽ ഫലം ചെയ്തുവെന്നും മന്ത്രിപറഞ്ഞു.

ഡങ്കി പനിയുടെ നിരക്ക് ഇത്തവണ കൂടുതലാണ്. 2015-16 ൽ പത്ത് ലക്ഷമായിരുന്നു പനി ബാധിതരുടെ നിരക്ക്. എന്നാൽ 2016-17 ആയപ്പോൾ് പതിനൊന്നു ലക്ഷത്തിലധികം പേർ ഒപിയിൽ എത്തി. പനി പടർന്നു പിടിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം ആരോഗ്യ വകുപ്പു മാത്രം ഏറ്റെടുത്താൽ പോര. ഒരോരുത്തരും അതിനായി മുന്നിട്ടിറങ്ങണമെന്നും ശുചീകരണ പ്രവർത്തനങ്ങൾക്കും ഡ്രൈഡേ ആചരണങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണെന്നും മരുന്നുകളുടെ അപര്യാപ്തത ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ ജനുവരിമുതൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം പൂർണമായും പാലിക്കാത്ത പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് പനി പടർന്ന് പിടിച്ചിരിക്കുന്നത്.

ഡങ്കിപനി മൂലം ഇതുവരെ സംസ്ഥാനത്ത് 10 പേർ മരണപ്പെട്ടിട്ടുണ്ട്. എച്ച് വൺ എൻവൺ മൂലം മരിച്ചവരുടെ എണ്ണം 30 ആണ്. കഴിഞ്ഞ വർഷം ഈ സമയംവരെ 10 ലക്ഷം ആളുകളാണ് പനിക്ക് ചികിൽസ തേടിയെത്തിയത്. ഈ വർഷമത് 11 ലക്ഷത്തിലെത്തിയെങ്കിലും കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പനിബാധിതരുടെ എണ്ണം കൂടുതൽ. എറണാകുളം, ഇടുക്കി ജില്ലകളിൽ ഈ വർഷം പനിബാധിതരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുവരാൻ സാധിച്ചിട്ടുണ്ട്. രോഗം പടർന്ന് പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് കാര്യമായ ഇടപെടലുകൾ നടത്തിയില്ലെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ബാധിതർ ഏറെയുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ  പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ മൂന്ന് വർഷത്തിൽ ഒരിക്കലാണ് പകർച്ച പനി വ്യാപകമാകുന്നത്. അതുകൊണ്ട് ഈ വർഷം കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു .

ഡെങ്കി, എച്ച്‌വൺ എൻവൺ മൂലമുണ്ടാകുന്ന മരണ നിരക്ക് നിയന്ത്രിക്കുവാൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട്. പനി പകരുവാൻ സാധ്യത മുന്നിൽ കണ്ട് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് രോഗികൾക്ക് നൽകുന്ന പ്ലേറ്റ്‌ലറ്റുകൾക്ക് സർക്കാർ ആശുപത്രികളിൽ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു. നോമ്പ് കാലമായതിനാൽ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ അതിനെ തരണം ചെയ്യുവാനുള്ള മുൻകരുതലുകൾ സർക്കാർ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധിരഹിത കേരളമെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതായും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ കുട്ടികൾക്കുള്ള പ്രതിരോധ വാക്‌സിനുകൾ എടുക്കന്നതിൽ ഒരുവി’ഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രവർത്തികളെ മതമേലധ്യക്ഷന്മാരുടെ സഹകരണത്തോടെ നേരിടുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിന് സർക്കാർ 350 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ച മെഡിക്കൽ കോളജായി മാറ്റുകയാണ് ലക്ഷ്യം. ഉടൻതന്നെ നിർമാണ ജോലികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.