പ്രധാനമന്ത്രി നാളെ കൊച്ചിയിൽ, മെട്രോയുടെ ഉദ്ഘാടനത്തിനായി നഗരം ഒരുങ്ങി ,കനത്ത സുരക്ഷ

0
111

ഒരു ദിവസത്തെ സന്ദർശനത്തിനായി നാളെ (ജൂൺ 17) കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ നഗരം ഒരുങ്ങി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ജൂൺ 17 രാവിലെ 10.15-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവിക വിമാനത്താവളമായ ഐ.എൻ.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാർഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക. 10.35ന് പാലാരിവട്ടം സ്റ്റേഷനിൽ മെട്രോയുടെ ഉദ്ഘാടനം. തുടർന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര. 11 മണിക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ കൊച്ചി മെട്രോയുടെ സമർപ്പണം നിർവഹിക്കും. 12.15-ന് സെന്റ് തെരേസാസ് കോളേജിൽ പി.എൻ പണിക്കർ ദേശീയ വായനാമാസാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.സെന്റ് തെരേസാസ് കോളേജിൽ നിന്നും ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോർഡ് റൂമിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയിലാണ് ഇന്നലെ മുതൽ നഗരം. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിർദേശപ്രകാപരമാണ് സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി എഐജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാർ, ടി.കെ.ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, പോലീസ് കമ്മീഷണർ എം.പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, മറ്റ് പോലീസുദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
കനത്തസുരക്ഷയാണ് മെട്രോ ഉദ്ഘാടനവേദിയായ കലൂർ സ്റ്റേഡിയത്തിൽ ഒരുക്കുക. സ്റ്റേഡിയത്തിനു സമീപം നിർമിച്ച പന്തലിൽ 3500-ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ക്ഷണിതാക്കളെല്ലാം ക്ഷണപത്രികയും തിരിച്ചറിയൽ കാർഡുമായി വരണം. സെന്റ് തെരേസാസിൽ നടക്കുന്ന വായനാദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലും ക്ഷണിതാക്കൾക്കു മാത്രമേ പ്രവേശനമുള്ളൂ.