പ്രവാസികൾക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടി പരിശോധിക്കും: നിയമസഭ സമിതി

0
268

പ്രവാസികളുടെ തിരിച്ചറിയൽ കാർഡിന് ഓൺലൈൻ അപേക്ഷ ഒരുമാസത്തിനകം
പ്രവാസി ക്ഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കും

സംരംഭം തുടങ്ങാനും വീട്, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുമായി വായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് വിവിധ കാരണങ്ങളുടെ പേരിൽ വായ്പ നിഷേധിക്കുന്ന ദേശസാത്കൃത ബാങ്കുകളുടെ നടപടി കർശനമായി പരിശോധിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുമ്പോൾ സർക്കാർ സബ്സിഡി കൃത്യമായി ബാങ്കുകൾക്ക് ലഭിക്കുന്നില്ലെന്നും അതിനാൽ പ്രവാസികൾക്ക് മറ്റു പല കാരണങ്ങളും പറഞ്ഞ് വായ്പ നിഷേധിക്കുകയാണെന്നും വ്യക്തമാക്കി നിരവധി പരാതികളാണ് നിയമസഭ സമിതിക്കു മുന്നിൽ പ്രവാസി സംഘടനകളും വ്യക്തികളും ഉന്നയിച്ചത്. ബാങ്കുകൾക്ക് 15% സബ്സിഡി കൃത്യമായി നൽകുന്നുണ്ടെന്നും വായ്പ നിഷേധിക്കുന്ന അപേക്ഷകർ നോർക്കയെ സമീപിച്ചാൽ ഉടൻ പരിഹാരമുണ്ടാകുമെന്നും നോർക്ക് സിഇഒ അറിയിച്ചു. സഹകരണ ബാങ്കുകളെയും ജില്ലാ, പ്രാഥമിക സംഘങ്ങളെയും പ്രവാസികൾക്ക് വായ്പ ലഭ്യമാക്കാൻ അനുമതി നൽകിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളെ കൂടുതലായി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകൾ 10% ൽ താഴെ മാത്രമേ പ്രവാസികളുടെ വായ്പ നൽകൂ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ കടുംപിടിത്തം ഒഴിവാക്കി അനായാസം വായ്പ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകളെയും കേരളത്തിലെ ബാങ്കുകളെയും സമീപിക്കാനും അദ്ദേഹം നിർദേശിച്ചു.

പ്രവാസികൾക്കുള്ള നോർക്ക രജിസ്ട്രേഷൻ കാർഡിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളിൽ ഓൺലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടപടികളുടെ ട്രയൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അപേക്ഷകളുടെ എണ്ണം 1.5 ലക്ഷമായി വർധിച്ചതിനാൽ യഥാസമയം കാർഡ് ലഭ്യമാക്കുന്നത് ശ്രമകരമായിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ പ്രാബല്യത്തിൽ വരുന്നതോടെ തിരിച്ചറിയൽ കാർഡ് വിതരണം എളുപ്പമാകും. ഇതിനായുള്ള ബന്ധപ്പെട്ട രേഖകൾ പ്രവാസി അസോസിയേഷൻ ഭാരവാഹികൾക്ക് സാക്ഷ്യപ്പെടുത്താനാകും. പ്രവാസികൾക്ക് വിവിധ ആനുകൂല്യങ്ങളും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ലഭിക്കുന്നതിന് നോർക്ക രജിസ്ട്രേഷൻ കാർഡ് ആവശ്യമാണ്.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനായി ചേർന്ന സമിതിക്കു മുന്നിൽ നിരവധി പരാതികളെത്തി. പാറക്കടവ് മാബ്ര സ്വദേശിയായ കൊച്ചു ത്രേസ്യ 2008 ൽ അബുദാബിയിൽ വെച്ച് മരിച്ച ഭർത്താവിന്റെ ഇൻഷുറൻസ് തുകയുമായി ബന്ധപ്പെട്ട പരാതിയുമായാണ് സമിതിക്കു മുന്നിലെത്തിയത്. അബുദാബിയിൽ അൽ-ഫത്തീൻ കമ്പനിയിൽ ഡ്രൈവറായിരുന്ന ജോസ് ദുബായിലേക്ക് ഓട്ടം പോകുന്നതിനിടെയാണ് മരിച്ചത്. 7 ലക്ഷം രൂപ അന്നു കമ്പനി നൽകി. എന്നാൽ ഇൻഷുറൻസ്, റോഡ് ക്ലെയിം എന്നിവ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടെങ്കിലും കമ്പനിയിൽ നിന്നോ എംബസിയിൽ നിന്നോ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട് നോർക്കയ്ക്ക് പ്രത്യേക പരാതി സമർപ്പിക്കാനും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനും സമിതി നിർദേശം നൽകി.

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസി കമ്മീഷന് ഓഫീസും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി ആവശ്യമുന്നയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ വാഹനമോ ഫണ്ടോ മറ്റു സൗകര്യങ്ങളോ നൽകിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കകം കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. ഷാനവാസ് സമിതിയെ അറിയിച്ചു.

പ്രവാസി കമ്മീഷന്റെ പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സമിതി ഉറപ്പു നൽകി. കമ്മീഷനിലെ നാല് അംഗങ്ങളിൽ രണ്ടു പേർ വിരമിച്ചു. ഒരാൾ ഉടൻ വിരമിക്കും. ഈ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അംഗങ്ങളെ നിയമിക്കും. ഓഫീസ് പ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സമിതി അറിയിച്ചു.

60 വയസ് കഴിഞ്ഞവരെയും പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഗമം നിയമസഭ സമിതിക്ക് നിവേദനം നൽകി. പ്രവാസി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതിനായി 2000 മുതൽ പ്രവർത്തിച്ച പ്രവാസി സംഗമത്തിലെ അംഗങ്ങളിൽ പലർക്കും 2009 ൽ ബോർഡ് രൂപീകരിക്കുമ്പോൾ പ്രായം കഴിഞ്ഞതിനാൽ അംഗത്വം ലഭിക്കുന്നില്ലെന്നും അവരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം. കൂടാതെ പെൻഷൻ അടവ് കുടിശിക മൂന്നു ഗഡുക്കളായി അടയ്ക്കാനനുവദിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

80 ശതമാനത്തിലധികം പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ പ്രവാസി ദേശങ്ങളായി പ്രത്യേക പരിഗണന നൽകുകയും ഇവിടെ സർക്കാർ സേവനങ്ങൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നതടക്കം 32 ആവശ്യങ്ങളാണ് യുഎഇ പ്രവാസി ഇന്ത്യ സമർപ്പിച്ച നിവേദനത്തിലുള്ളത്. പെൻഷൻ തുക 5000 രൂപയാക്കുക, പ്രവാസി വിദ്യാർഥികൾക്കായി കൂടുതൽ എൻആർഐ സീറ്റുകൾ, ജില്ല കളക്ടറേറ്റുകളിൽ പ്രവാസി കെയർ ഓഫീസുകൾ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിലുണ്ട്. പ്രവാസികൾ മരിച്ചാൽ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുക, അപകടങ്ങൾക്ക് സഹായധനം അഞ്ചു ലക്ഷമാക്കുക, സർക്കാർ ഓഫീസുകളിൽ നിന്ന് രേഖകളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് പ്രവാസികളോടുള്ള അവഗണന ഇല്ലാതാക്കുക, ഓരോ ജില്ലയിലും പ്രവാസി മോണിറ്ററിംഗ് സെൽ രൂപീകരിക്കുക തുടങ്ങിഏഴിന നിർദേശങ്ങളാണ് പ്രവാസി വെൽഫെയർ ഫോറം സമർപ്പിച്ചിരിക്കുന്നത്.

താഴേത്തട്ടിലുള്ള പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും പ്രവാസി സംരംഭകർക്കായി പ്രത്യേക സെൽ ആരംഭിക്കണമെന്നും കേരള പ്രവാസി ഫെഡറേഷൻ സൊസൈറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യം സംയോജിപ്പിച്ച് സമൂഹത്തിന് പ്രയോജനപ്പെടുത്തണമെന്നുപം സംഘടന നിർദേശിക്കുന്നു. പ്രവാസികൾക്ക് വായ്പ ലഭിക്കുന്നില്ലെന്ന പരാതിയാണ് കേരള സംസ്ഥാന പ്രവാസി തൊഴിൽ സംഘടന സമിതിക്കു മുന്നിൽ വെച്ചത്. പ്രവാസിയായതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുകയാണ്. സ്വന്തമായി വീടോ മറ്റ് ആസ്തികളോ ഇല്ലാത്ത നിരവധി പേർ ഇത്തരത്തിൽ ബുദ്ധിമുട്ട അനുഭവിക്കുന്നുവെന്നും സംഘടന പറയുന്നു.

പ്രവാസികളുടെ പെൻഷൻ, ചികിത്സ, സഹായ, ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാകുന്നുണ്ടോ എന്നു കർശനമായി പരിശോധിക്കുമെന്നും നിയമസഭ സമിതി ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. സമിതി അംഗങ്ങളായ പാറക്കൽ അബ്ദുള്ള, വി. അബ്ദുറഹ്മാൻ, പി.ജെ. ജോസഫ്, എംഎൽഎമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, എം. രാജഗോപാൽ, കാരാട്ട് റസാഖ്, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവരും നോർക്ക ഡെപ്യൂട്ടി സെക്രട്ടറി രാജൻ, എൻആർകെ വെൽഫെയർ ബോർഡ് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ ഡി. രാജേഷ് എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.