പ്‌ളാച്ചിമട: നഷ്ടപരിഹാരം ഉറപ്പാക്കും-മുഖ്യമന്ത്രി

0
70

പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പ്‌ളാച്ചിമടയിൽ കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുളള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചർച്ച ചെയ്തു.ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ 2011 ഫെബ്രുവരിമാസം കേരളനിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ നിയമത്തിന് രാഷ്ട്രപതി വളരെ വൈകി 2015 നവംബർ മാസം അനുമതി നിഷേധിച്ചതുമൂലം ഉണ്ടായിട്ടുളള ബുദ്ധിമുട്ടുകൾ യോഗം വിലയിരുത്തി. സമരസമിതി ഉന്നയിച്ച കാര്യങ്ങളിൽ നിയമപരമായി ചെയ്യാൻ പറ്റുന്നവ പരിശോധിച്ച് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശവാസികൾ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ ദുരിതമനുഭവിക്കുകയാണെന്നും കുടിവെളളം പോലും അന്യമാവുകയാണെന്നും സമരസമിതി നേതാക്കൾ യോഗത്തിൽ പറഞ്ഞു. നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ നിയമ വകുപ്പ് അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങൾ അതാത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞു.ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിക്ക് കേന്ദ്രസഹായം നിലച്ച പശ്ചാത്തലത്തിൽ ടെണ്ടർ വിളിച്ചു കഴിഞ്ഞ പ്രവൃത്തികൾ നടപ്പിലാക്കുവാൻ ധനവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

കുഴൽക്കിണറുകൾ ഉപയോഗയോഗ്യമാക്കാൻ നിർദേശം നൽകും. 78 കുളങ്ങളുടെ നവീകരണം നടത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ കെ ബാലൻ, മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി എംഎൽഎ, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, സമര സമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, എസ് ബിജു, പുതുശ്ശേരി ശ്രീനിവാസൻ, ആർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.