ബംഗ്ലാദേശിനെതിരെ 265 റൺസ് വിജയലക്ഷ്യം

0
132

ബംഗ്ലാദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യയ്ക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ഓപ്പണർ തമിം ഇക്ബാലാണ് (70) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. 82 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെയാണ് തമിം 70 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ മുഷ്ഫിഖുർ റഹിമിനൊപ്പം തമിം കൂട്ടിച്ചേർത്ത 123 റൺസാണ് ബംഗ്ലാ ഇന്നിങ്‌സിന്റെ നട്ടെല്ല്. റഹിമും അർധസെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കേദാർ ജാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ മൽസരത്തിൽ വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, കിവീസിനെ തോൽപ്പിച്ച അതേ ടീമിനെ ബംഗ്ലദേശും നിലനിർത്തി. ചാംപ്യൻസ് ട്രോഫി കിരീടം നിലനിർത്താനൊരുങ്ങുന്ന ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ സൗമ്യ സർക്കാരിനെ പുറത്താക്കി ഭുവനേശ്വർ കുമാർ ഗാലറിയിലെ ഇന്ത്യൻ ആരാധകരെ പുളകമണിയിച്ചു. അപ്പോൾ ബംഗ്ലദേശ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺ മാത്രം.

വൺ ഡൗണായി ഇറങ്ങിയ സാബിർ റഹ്മാൻ തുടർച്ചയായി ബൗണ്ടറികൾ പായിച്ച് ബംഗ്ലദേശിന്റെ സമ്മർദ്ദം അയച്ചു. എന്നാൽ, സ്‌കോർ 36ൽ നിൽക്കെ സാബിറിനെ മടക്കി ഭുവനേശ്വർ വീണ്ടും ആഞ്ഞടിച്ചു. 21 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 19 റൺസെടുത്ത സാബിർ, ജഡേജയ്ക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.

പിന്നീടായിരുന്നു ബംഗ്ലാദേശ് ആരാധകർ കാത്തിരുന്ന കൂട്ടുകെട്ട്. ഇന്ത്യൻ ബോളർമാരെ അനായാസം കൈകാര്യം ചെയ്ത തമിം ഇക്ബാൽ-മുഷ്ഫിഖുർ റഹിം സഖ്യം, മൽസരം ബംഗ്ലദേശിന്റെ വഴിക്കു കൊണ്ടുവന്നു. 10 ഓവറിൽ ബംഗ്ലദേശ് 46 റൺസിലെത്തിയതോടെ, ഈ ടൂർണമെന്റിൽ ആദ്യ 10 ഓവറിൽ ബംഗ്ലാദേശ് നേടുന്ന ഉയർന്ന സ്‌കോർ കൂടിയായി ഇതു മാറി. 36, 37, 24 എന്നിവയായിരുന്നു മുൻ മൽസരങ്ങളിലെ സ്‌കോറുകൾ. അധികം വൈകാതെ തമിം ഇക്ബാൽ പരമ്പരയിലെ മൂന്നാം അർധസെഞ്ചുറി പൂർത്തിയാക്കി. 62 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു തമീമിന്റെ അർധസെഞ്ചുറി.

റഹിം-തമിം കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതിനിടെ രക്ഷകനായി കേദാർ ജാദവ് അവതരിച്ചു. 82 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 70 റൺസുമായി തമിം ഇക്ബാൽ ക്ലീൻ ബോൾഡ്. ഈ സമയത്ത് ബംഗ്ലാദേശ് സ്‌കോർ 28 ഓവറിൽ മൂന്നിന് 154. തുടർന്ന് മൽസരത്തിൽ പിടിമുറുക്കിയ ഇന്ത്യ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ബംഗ്ലാദേശ് സ്‌കോറിന് മൂക്കുകയറിട്ടു. സ്‌കോർ 184ൽ നിൽക്കെ റഹിമും മടങ്ങി. 85 പന്തിൽ നാലു ബൗണ്ടറികളോടെ 61 റൺെസടുത്ത റഹിമിനെ ജാദവ് കോഹ്‌ലിയുടെ കൈകളിലെത്തിച്ചു.

ഷാക്കിബ് അൽ ഹസൻ (23 പന്തിൽ 15), മഹ്മൂദുല്ല (25 പന്തിൽ 21), മൊസാദേക് ഹുസൈൻ (26 പന്തിൽ 15) എന്നിവരും ചെറിയ സംഭാവനകൾ നൽകി മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മഷ്‌റഫെ മൊർത്താസ ബംഗ്ലദേശ് സ്‌കോർ 250 കടത്തി. 25 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസെടുത്ത മൊർത്താസയും 14 പന്തിൽ 11 റൺസെടുത്ത ടസ്‌കിൻ അഹമ്മദും പുറത്താകാതെ നിന്നു.