മധ്യപ്രദേശിൽ രണ്ടു കര്‍ഷകര്‍ കൂടി ജീവനൊടുക്കി

0
100

മധ്യപ്രദേശിൽ കടക്കെണിയിൽ കുരുങ്ങിയ രണ്ട് കർഷകർ കൂടി ആത്മഹത്യ ചെയ്തു. ബാലാഘട്ട്, ബർവാനി ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി കർഷകർ ആത്മഹത്യ ചെയ്തത്. മന്ദ്‌സോർ വെടിവയ്പിനുശേഷം മധ്യപ്രദേശിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഇതോടെ ഏഴായി. മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരും പ്രക്ഷോഭമാരംഭിച്ചു. കാർഷികകടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ഡോ. സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇവിടെയും സമരം.

പടിഞ്ഞാറൻ മധ്യപ്രദേശിൽ ബലാഘട്ട് ജില്ലയിലെ ബല്ലാപുർ ഗ്രാമത്തിലാണ് രമേഷ് ബൻസേ(42) എന്ന കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ഇയാൾക്ക് 1.5 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ബർവാനി ജില്ലയിൽ സൊമാല (60) എന്ന കർഷകനാണ് കീടനാശിനി കഴിച്ച് മരിച്ചത്. ഇയാൾക്ക് രണ്ടു ലക്ഷം രൂപ കടമുണ്ടായിരുന്നു. വായ്പ തിരിച്ചടയ്ക്കാനാവാത്തതാണ് ഇരുവരുടെയും ആത്മഹത്യക്ക് കാരണം.

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കർഷകദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻസഭയുടെ സംസ്ഥാനഘടകം സമരം ആരംഭിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ കിസാൻസഭ പ്രവർത്തകർ അനിശ്ചിതകാല ധർണ ആരംഭിച്ചു. കർഷകരുടെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാൻ കോൺഗ്രസും തീരുമാനിച്ചു. 16 മുതൽ ജൂലൈ ഏഴുവരെ തുടർച്ചയായി സംസ്ഥാനവ്യാപകമായി ധർണ നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഭുപിന്ദർ ഹൂഡ പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു കർഷകസംഘടനകളുടെകൂടി പിന്തുണ തേടി സമരം ശക്തിപ്പെടുത്തുമെന്ന് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദർജിത് സിങ് പറഞ്ഞു. മാർച്ച് എട്ടിന് ഒമ്പതു കർഷകസംഘടനകൾ ചണ്ഡീഗഡിൽ അസംബ്‌ളി മാർച്ച് നടത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കാർഷികവായ്പ എഴുതിത്തള്ളണമെന്നും എല്ലാ കാർഷികവിളകളും കൃഷിച്ചെലവും അതിന്റെ 50 ശതമാനം ചേർത്ത് വില നിശ്ചയിച്ച് സംഭരിക്കണമെന്നായിരുന്നു ആവശ്യങ്ങൾ. ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കശാപ്പിന് കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനമാണ് ഹരിയാന. അലഞ്ഞുതിരിയുന്ന പശുക്കൾ വൻ ബാധ്യതയായിരിക്കയാണ്.

പഞ്ചാബിൽ ചെറുകിട- ഇടത്തരം കർഷകർമാത്രമല്ല, ധനിക കർഷകരും കടക്കെണിയിലാണ്. വിദേശത്ത് തൊഴിലെടുക്കുന്ന മക്കൾ അയച്ചുകൊടുക്കുന്ന പണംകൊണ്ടാണ് പലരും വായ്പ തിരിച്ചടയ്ക്കുന്നത്. 16ന്റെ കർഷകപ്രക്ഷോഭം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചാബിലെ കർഷകർ.

മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എഴുതിത്തള്ളുന്ന കടം സംസ്ഥാനങ്ങൾതന്നെ വഹിക്കണമെന്ന കേന്ദ്ര നിർദേശം തിരിച്ചടിയായി. മധ്യപ്രദേശിൽ കർഷക പ്രശ്‌നങ്ങൾ പരിഹരിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ നടത്തുന്നത്. മന്ദ്‌സോറിലെ വെടിവയ്പിനുശേഷം അഞ്ചുകർഷകരാണ് മധ്യപ്രദേശിൽ ആത്മഹത്യ ചെയ്തത്.