ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ച ആരംഭിച്ചിരിക്കേ ആരാകും രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ അഭ്യൂഹങ്ങളും ഉയര്‍ന്നു. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാനുള്ള വോട്ട് ഇല്ലാത്ത സാഹചര്യത്തില്‍ സമവായ സ്ഥാനാര്‍ഥിക്കായാണ് ഭരണപക്ഷവും പ്രതിപക്ഷവും കാത്തിരിക്കുന്നത്. ഇരു പക്ഷത്തിനും സ്വീകാര്യമായൊരു സ്ഥാനാര്ഥിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, രാജ്നാഥ് സിങ് എന്നിവരടങ്ങിയ ഉപസമിതിയെ ബി.ജെ.പി. നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ പ്രതിപക്ഷ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകംതന്നെ രണ്ട് യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ഇതുവരെ ആരെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. ഗോപാല്‍കൃഷ്ണ ഗാന്ധിയെ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വന്തമായി ജയിപ്പിക്കാന്‍ ഇരുപക്ഷത്തിനും വോട്ട് ഇല്ലെന്നിരിക്കേ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരു പക്ഷത്തിനും സ്വീകാര്യനായ സ്ഥാനാര്‍ഥിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഇതില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ രജനീകാന്തിന്റെ പേരാണ്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്, ആരാധകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശിച്ച രജനീകാന്തിനെ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നോട്ടുവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രജനീകാന്തിന്റെ പേര് മുന്നോട്ടുവയ്ക്കുന്നതിനായി ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു നടനെന്ന നിലയില്‍ രജനീകാന്തിന് മികച്ച ജനപിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. ഈ ജനപിന്തുണയും രജനീകാന്തിന്റെ നിക്ഷ്പക്ഷ നിലപാടും പ്രതിപക്ഷ പാര്‍ട്ടികള്‍പോലും അംഗീകരിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ രജനീകാന്തിന്റെ പേര് മുന്നോട്ടുവച്ചാല്‍ എതിര്‍പ്പുകള്‍ ഉയരാനുള്ള സാധ്യത വിരളമാണെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയും തെക്കന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനുള്ള ബി.ജെ.പിയുടെ ത്വരയും രജനീകാന്തിന്റെ വ്യക്തിത്വത്തിലേക്ക് അവരെ അടുപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്. ജയലളിതയുടെ മരണത്തിനു ശേഷം രണ്ട് വിഭാഗമായി നില്ക്കുന്ന എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഡി.എം.കെയും ആഭ്യന്തര പ്രശ്നങ്ങളിലാണ്. രജനീകാന്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും അനായാസം നേടാമെന്ന് ബി.ജെ.പി. കരുതുന്നു. തമിഴ്നാടിന്റെ പ്രിയപ്പെട്ട നടനാണെങ്കിലും കര്‍ണാടകക്കാരനായ രജനീകാന്തിന് പ്രാദേശകി വികാരത്തിലൂടെയും പിന്തുണ ലഭിക്കുമെന്ന് കരുതുന്നു. തമിഴ്നാട്ടിലെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ആ്ഗ്രഹിക്കുന്ന ബി.ജെ.പി. പ്രാദേശികമായി സഖ്യം ശക്തിപ്പെടുത്തുന്നതിനും ഇതിന്റെ ഭാഗമായി ശ്രമിച്ചേക്കാം. ഇപ്പോള്‍തന്നെ ബി.ജെ.പിയുമായി അടുപ്പം കാണിക്കുന്ന പനീര്‍ സെല്‍വം വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി. രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സാധ്യത വളരെ ഏറെയാണ്. അതും തമിഴ്നാട്ടില്നിന്നുള്ളൊരാളെ പരിഗണിക്കാന്‍ കേന്ദ്ര ഭരണക്കാരെ പ്രേരിപ്പിക്കുന്നു.
പൊതുസമ്മതനായ മറ്റൊരാളിന്റെ പേര് മുന്നോട്ടുവയ്ക്കുന്നതിന് ബി.ജെ.പി. ബുദ്ധിമുട്ടുകയാണ്. രാമക്ഷേത്രം പൊളിച്ച കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ എല്‍.കെ.അധ്വാനിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്ക് നീങ്ങിയിലായും ബി.ജെ.പി. സ്ഥാനാര്‍ഥിയാണെന്നു പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞേക്കാം. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തിലേക്കു പോകാതിരിക്കാന്‍ ബി.ജെ.പി. നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചേക്കും.
രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സഹോദരന് പറഞ്ഞുവെങ്കിലും ഇതിനുള്ള സാധ്യതകള്‍ വിരളമാണ്. പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ അടുത്തിടെ സജീവമായി നിന്ന അവസരത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച് ആലോചനക്ക് ബി.ജെ.പി. തുടക്കമിട്ടിരുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ബി.ജെ.പി. നേതൃത്വം അന്ന് രജനീകാന്തുമായി ചര്‍ച്ച ചെയ്തതെന്നാണ് പറയുന്നത്. ഈ ചര്‍ച്ചകളുടെ മുന്നോട്ടുള്ള നീക്കമെന്ന നിലയില്‍ പ്രധാനമന്ത്രിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്താനിടയുണ്ടായിരുന്നു. അത് പിന്നീട് സജീവമായി മുന്നോട്ടുപോകുകയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും പൊതുസമ്മതനായ സ്ഥാനാര്ഥിയെന്നതിലേക്ക് പ്രതിപക്ഷവും ഭരണപക്ഷവും പോകുന്ന സാഹചര്യത്തിലാണ് രജനീകാന്തിന്റെ പേര് വീണ്ടും ഉയര്‍ന്നുവരുന്നത്.