രാഷ്ട്രപതി സ്ഥാനാർഥി:ചര്‍ച്ചകള്‍ക്കൊരുങ്ങി ബിജെപിയും പ്രതിപക്ഷവും

0
140

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരുമായി കൂടിക്കാഴ്ചയ്ക്കു ബിജെപി സമിതി താൽപര്യമറിയിച്ചതോടെ, രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ മെല്ലെപ്പോക്കാവാമെന്നു പ്രതിപക്ഷത്തു ധാരണ. ചർച്ചകൾക്കായി പ്രതിപക്ഷത്തെ 17 പാർട്ടികൾ രൂപീകരിച്ച പത്തംഗ ഉപസമിതി ഇന്നലെ യോഗം ചേർന്നെങ്കിലും സ്ഥാനാർഥികളെക്കുറിച്ചു ചർച്ചയുണ്ടായില്ല.

എന്നാൽ, എൻഡിഎയുടെ സ്ഥാനാർഥി ആരുതന്നെയായാലും, പ്രതിപക്ഷത്തെ ഏതു കക്ഷി അതിനെ പിന്തുണച്ചാലും പ്രതിപക്ഷത്തിന്റേതായി സ്ഥാനാർഥി വേണമെന്ന് യച്ചൂരി യോഗത്തിൽ വ്യക്തമാക്കി. എൻഡിഎ ഭരണകാലത്ത് എ.പി.ജെ. അബ്ദുൽ കലാമിനെ കോൺഗ്രസ് പിന്തുണച്ചപ്പോൾ തങ്ങൾ ക്യാപ്റ്റൻ ലക്ഷ്മിയെ എതിർസ്ഥാനാർഥിയാക്കിയതും യച്ചൂരി പരാമർശിച്ചു. നിലപാട് വ്യക്തമാക്കിയതിൽ കോൺഗ്രസും തൃണമൂലുമുൾപ്പെടെയുള്ള കക്ഷികൾ സിപിഎമ്മിനെ അഭിനന്ദിച്ചെങ്കിലും എൻഡിഎ സ്ഥാനാർഥി ആരെന്നറിഞ്ഞിട്ടു നിലപാടു വ്യക്തമാക്കാമെന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ, ബിജെപിയുമായി പ്രത്യയശാസ്ത്രപരമായി യോജിക്കുന്ന പ്രശ്നമില്ലെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് യോഗത്തിൽ പറഞ്ഞു.

ഭരണപക്ഷത്തെ ശിവസേന സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനകളാണ് ഇതുവരെയുള്ളതെന്നു പ്രതിപക്ഷ വൃത്തങ്ങൾ പറഞ്ഞു. നളന്ദ സർവകലാശാലയുടെ ചാൻസലറും ഇന്ത്യയിൽ സൂപ്പർ കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതിൽ ചുക്കാൻ പിടിച്ചയാളുമായ മഹാരാഷ്ട്രക്കാരൻ ഡോ.വിജയ് പാണ്ഡുരംഗ് ഭട്കറിനെ സ്ഥാനാർഥിയാക്കി ശിവസേനയ്ക്കൊപ്പം എൻസിപിയെക്കൂടി പക്ഷത്താക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടത്രേ.

ഡോ.ഭട്കറിന് 2015ൽ പത്മഭൂഷൺ നൽകിയിരുന്നു. ആർഎസ്എസിന്റെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാൻ ഭാരതിയുടെ പ്രസിഡന്റുകൂടിയായ ഭട്കർ, പശുക്കളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ കാർഷിക മേഖലയെ വികസിപ്പിക്കണമെന്നും, നോട്ട് അസാധുവാക്കൽ കാലങ്ങളായി രാജ്യം കാത്തിരുന്ന വമ്പൻ തീരുമാനമാണെന്നും നിലപാടുള്ളയാളാണ്.

പ്രതിപക്ഷത്തിന് എതിർക്കാനാവാത്തയാളെയാവും തങ്ങൾ സ്ഥാനാർഥിയാക്കുകയെന്നാണു കേന്ദ്ര മന്ത്രിമാരിൽ ചിലർ പ്രതിപക്ഷത്തോട് അനൗദ്യോഗികമായി സൂചിപ്പിച്ചത്. എന്നാൽ, ആരെ നിർത്തിയാലും അതിനൊത്ത എതിർ സ്ഥാനാർഥി തങ്ങളുടെ പട്ടികയിലുണ്ടെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ മൽസരമായിത്തന്നെ കാണാനാണു താൽപര്യമെന്നും യച്ചൂരി പിന്നീടു പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിതന്നെയാണ് പ്രതിപക്ഷത്തിന്റെ പട്ടികയിൽ ഒന്നാമതുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്താനുള്ള താൽപര്യം ബിജെപി സമിതിയംഗമായ മന്ത്രി എം.വെങ്കയ്യ നായിഡു അറിയിച്ചശേഷമാണ് പ്രതിപക്ഷ സമിതി ഇന്നലെ യോഗം ചേർന്നത്. എന്നാൽ, ഉചിതമായ പേരു തീരുമാനിക്കാൻ സമിതി വീണ്ടും ചേരുമെന്നാണു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് യോഗത്തിനുശേഷം പറഞ്ഞത്.