റവന്യൂ, നിയമ വകുപ്പുകളെ വെട്ടി, കോഴിക്കോട് ലുലുമാളിന് ഭൂമി

0
136

റവന്യൂ, നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് കോഴിക്കോട് ലുലുമാളിനായി ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് മാങ്കാവിൽ മാൾ നിർമിക്കുന്നിടത്തെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 19 സെന്റ് പുറമ്പോക്കുഭൂമിയാണ് കൈമാറുക.

പകരം മാൾ ഉടമകൾ നെല്ലിക്കോട് മൈലമ്പാടി ഒല്ലൂർ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോൺക്രീറ്റ് കെട്ടിടവും സർക്കാരിന് വിട്ടുനൽകും.

മാൾ ഉടമകളുടെ ഈ ആവശ്യം നേരത്തെ പലതവണ നിയമ, റവന്യൂ വകുപ്പുകൾ എതിർത്തതാണ്. റവന്യൂ ഭൂമി ഇത്തരത്തിൽ സ്വകാര്യവ്യക്തിക്ക് വിട്ടുനൽകാനാവില്ലെന്നായിരുന്നു വകുപ്പിന്റെ നിലപാട്. നിയമപരമായി കൈമാറ്റം നിലനിൽക്കില്ലെന്ന് ജഗ്പാൽസിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി നിയമവകുപ്പും എതിർപ്പറിയിച്ചിരുന്നു.

തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സമ്മർദപ്രകാരമാണ് ഫയൽ മന്ത്രിസഭ വീണ്ടും പരിഗണിച്ചത്. നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വന്നിരുന്നെങ്കിലും മന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.