ശ്രീവത്സം ഗ്രൂപ്പ് : രാധാമണി ‘മാഡ’ത്തിന്റെ ഡയറിയിൽ ഉന്നതരുടെ പേരുകള്‍

0
161


ശ്രീവത്സം ഗ്രൂപ്പ് ഉടമ എം കെ രാജേന്ദ്രപിള്ളയുടെ വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി രാധാമണിയുടെ ഡയറിയിൽ ഉന്നത കോൺഗ്രസ് നേതാക്കളുടെ പേരുകളെന്ന് സൂചന. കഴിഞ്ഞ ദിവസം ഡൽഹി നാഗാലാന്റ് ഭവനിൽ വെച്ചാണ് ആദായ നികുതി വകുപ്പ് അധികൃതർ രാധാമണിയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തത്.
കേരളത്തിലെ ഉന്നതരായ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഡയറിയിലെ വിവരങ്ങൾ എന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തിയ ശ്രീവത്സം ഗ്രൂപ്പ് കേരളത്തിലെത്തിയതിന് പിന്നിൽ ഒരു ഉന്നത കോൺഗ്രസ് നേതാവിന്റെ സ്വാധീനം മൂലമാണെന്നും ആക്ഷേപമുയർന്നിരുന്നു. ഹരിപ്പാട് പോലെ താരതമ്യേന ചെറിയ നഗരം കേന്ദ്രീകരിച്ച് കോടികളുടെ ബിസിനസ് സംരംഭങ്ങൾ പടുത്തുയർത്തിയതിലും ദുരൂഹതയുണ്ട്.
പിള്ളയ്ക്ക് ഹരിപ്പാട്ട് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ എല്ലാ സഹായങ്ങളും ചെയ്തത് കോൺഗ്രസിന്റെ ഒരു തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയാണെന്ന വിവരം ഡയറിയിൽ ഉള്ളതായാണ് സൂചന. യുഡിഎഫ് ഭരണകാലത്തെ നിരവധി ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരും രാധാമണിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഹരിപ്പാട് കോടികൾ വിലമതിക്കുന്ന വീടാണ് രാധാമണിക്ക് ഉള്ളത്.
ശ്രീവത്സം ഗ്രൂപ്പിലെ ജീവനക്കാർക്ക് ഉടമ രാജേന്ദ്രപിള്ള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബഹുമാനമുള്ളതും മാഡം എന്ന് വിളിപ്പേരുള്ള രാധാമണിയോടാണ്. ശ്രീവത്സം ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളിൽ രാധാമണിക്കുള്ള പ്രാധാന്യം രാജേന്ദ്രപിള്ളയുടെ മക്കളെപ്പോലും അസ്വസ്ഥരാക്കിയിരുന്നു. ഗ്രൂപ്പിന്റെ ഹരിപ്പാട്ടെ സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ നോമിനികൾ ആണെന്നതും ശ്രദ്ധേയമാണ്.