സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഇനി തോന്നുംപോലെ പെയിന്റടിക്കാനും ചിത്രം വരയ്ക്കാനും കഴിയില്ല. സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണയായി. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് വെവ്വേറെ നിറമാകും നല്‍കുക. ഏതു നിറം എന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം അറിയിക്കാമെന്ന് ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
നിലവില്‍ നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയുന്നതിനുവേണ്ടി പ്രത്യേക നിറമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പലരും പാലിച്ചിട്ടില്ലെങ്കിലും നഗരത്തിലെ ഓട്ടോറിക്ഷകള്‍ തിരിച്ചറിയുന്നതിനുള്ള എളുപ്പമാര്‍ഗമായിരുന്നു ഇത്.
റെന്റ് എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാനും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ആവശ്യക്കാര്‍ക്കു കാര്‍ മാത്രം നല്കുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഔദ്യോഗികമല്ല. മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണു റെന്റ് എ ബൈക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്.