തിരുവനന്തപുരത്ത് പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം താന്‍ ച്ഛേദിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കത്ത്. ലിംഗം നഷ്ടപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനയച്ച കത്തിലാണ് പെണ്‍കുട്ടി പോലീസിനെതിരേപോലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ല. ഗംഗേശാനന്ദ തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ചത് തന്റെ കൂട്ടുകാരനാണ്. തന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസ് സ്റ്റേഷനില്‍ എത്തിയതിനു ശേഷം കുടുംബാംഗങ്ങളെപ്പോലും കാണാന്‍ പോലീസ് അനുവദിച്ചില്ലെന്ന് പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നുണ്ട്. അയ്യപ്പദാസ്, അജിത് കുമാര്‍, മനോജ് മുരളീധരന്, എന്നിവര്‍ക്ക് സ്വാമിയോട് ശത്രുതയുണ്ടായിരുന്നു. ഇവരാണ് സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടത്തിയത്. അയ്യപ്പദാസ് പറഞ്ഞതുപോലെ സ്വാമിയുടെ അടുത്ത് പോയെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങി ഐ.ജി.സന്ധ്യയുടെ വീടിന്റെ കോളിങ്ബല്ല് അടിച്ചെങ്കിലും ആരും പുറത്തുവന്നില്ല. പിന്നീടാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. മൊഴി പലതവണ മാറ്റിയെഴുതി. മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ പിന്നീട് ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു.
കത്ത് കോടതിയില്‍ സമര്‍പ്പിച്ചതായി ഗംഗേശാനന്ദയുടെ അഭിഭാഷകന് വ്യക്തമാക്കി. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷക്കൊപ്പമാണ് കത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്വാമിക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തും.
ഗംഗേശാനന്ദയുടെ അഭിഭാഷകനയച്ച കത്ത് തന്റേതാണെന്ന് പെണ്‍കുട്ടി വാര്‍ത്താ ചാനലിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നും കാമുകന്റെ സഹായം പെണ്‍കുട്ടിക്ക് ലഭിച്ചെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു. സംഭവമുണ്ടായി ഏതാനും ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാവ് തന്നെ മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ കൂടി വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. കോടതിയില്‍ ലഭിച്ച കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് ഇനി കോടതി പരിശോധിക്കും.