കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പത്രഫോട്ടോഗ്രാഫറുടെ ക്യാമറ തകര്‍ന്നത് വാങ്ങി നല്കി സി.പി.എം. സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഇന്ത്യന്‍ എക്സ്പ്രസ് ക്യാമറാമാന് എ സനേഷിന് ബുധനാഴ്ച നിക്കോണ്‍ ഡി 300 എസ് എന്ന ക്യാമറയും 18-55 എംഎം ലെന്‍സും നല്‍കിയത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.മോഹനന് സനേഷിന് ക്യാമറ കൈമാറി. സംഘര്‍ഷത്തിനിടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട കേരളഭൂഷണത്തിലെ കെ.വി.ശ്രീജേഷിന് പുതിയ 16 ജി.ബി. മെമ്മറി കാര്‍ഡും നല്കി.
പത്രഫോട്ടോഗ്രാഫറുടെ ക്യാമറ തകര്‍ത്ത നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നടന് ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയിലാണ് ഇതിനെതിരേ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്.
സി.പി.എം. ജില്ലാ സെക്രട്ടറി പി മോഹനനുനേരെ സംഘപരിവാര്‍ നടത്തിയ വധശ്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ഒമ്പതിന് എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനിടെ പാളയത്തുവച്ചാണ് സനേഷിന്റെ ക്യാമറ ഏതാനുംപേര്‍ ചേര്‍ന്ന് തകര്‍ത്തത്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സി.പി.എം. പുതിയ ക്യാമറ വാങ്ങി നല്‍കിയത്.