ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തികാണിക്കുവാന്‍ താജ്മഹലിനാകില്ല: യോഗി ആദിത്യനാഥ്

0
125

ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തി കാണിക്കുവാന്‍ താജ്മഹലിനാകുന്നില്ലെന്ന് യോഗി ആദിത്യനാഥ്. രാജ്യത്ത് വിശിഷ്ടാതിഥികള്‍ എത്തുമ്പോള്‍ സമ്മാനിക്കുന്ന താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നില്ല. ഇവയ്ക്കു പകരം അവര്‍ക്ക് ഭഗവത് ഗീതയുടെയും രമായണത്തിന്റെയും പകര്‍പ്പാണ് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ബീഹാറില്‍ നടന്ന ഒരു റാലിക്കിടെയാണ് യോഗി ആദിത്യനാഥ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് സമ്മാനിക്കുന്നത് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയുമൊക്കെ പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രത്തെയാണ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ബീഹാറില്‍ നിയമങ്ങള്‍ കാറ്റിപറത്തുകയാണ്. ജനങ്ങള്‍ക്കിവിടെ സമാധാനമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവുന്നില്ല. ഇത് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.