ഇന്ത്യ- പാക് ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത: പാക് റിപ്പോര്‍ട്ട് നിഷേധിച്ച് റഷ്യ

0
116

ഇന്ത്യ- പാക് ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുമെന്ന പാക് റിപ്പോര്‍ട്ട് നിഷേധിച്ച് റഷ്യ. പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയെ ഉദ്ധരിച്ചുകൊണ്ട് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി സ്ഥിരാംഗമായ റഷ്യ ശ്രദ്ധപതിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് സക്കറിയ പറഞ്ഞത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി എസ്.സി.ഒ ഉച്ചകോടിക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കുമെന്ന് പുടിന്‍ ഉറപ്പ് നല്‍കിയതെന്നും സക്കറിയ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ- പാക് പ്രശ്നം പരിഹരിക്കുന്നതില്‍ റഷ്യ ഒരു മദ്ധ്യസ്ഥതയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ഭാഗ്ലേ പറഞ്ഞു.

ഇക്കാര്യത്തില്‍ തീവ്രവാദം മാറ്റിവെച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് റഷ്യക്ക് നന്നായി അറിയാം. വിഷയത്തില്‍ യാതൊരുവിധ മദ്ധ്യസ്ഥ സന്നദ്ധതയും റഷ്യ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുടിന്‍ ഇത്തരം ഒരു വാഗ്ദാനം നല്‍കിയതായി അറിവില്ലെന്ന് ഒരു മുതിര്‍ന്ന റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും പ്രതികരിച്ചു.

ഇന്ത്യയും പാകിസ്താനും പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലുടെ പരിഹരിക്കണം എന്നാണ് റഷ്യന്‍ നിലപാട്. ഇതിനെ എതിര്‍ക്കുന്ന ഒന്നും റഷ്യ നിര്‍ദ്ദേശിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തകള്‍ പാകിസ്താന്റെ ആഗ്രഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.