എച്ച്എൽഎൽ വിൽപ്പന നീക്കം ഉപേക്ഷിക്കണമെന്ന് കേരളം

0
111

ആരോഗ്യപരിപാലന മേഖലയിൽ രാജ്യത്തിന് മികച്ച സംഭാവന നൽകുകയും തുടർച്ചയായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന എച്ച്എൽഎൽ ലൈഫ് കെയർ (മുമ്പത്തെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ്) സ്വകാര്യ മേഖലക്ക് വിൽക്കാനുള്ള നീക്കം തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി കത്തയച്ചു. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപെട്ടു.

കമ്പനി സ്വകാര്യവൽക്കരിക്കുന്നത് അവിടെജോലി ചെയ്യുന്ന അയ്യായിരത്തിലധികം ജീവനക്കാരെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കും. കേന്ദ്രസർക്കാരിന്റെ ജനസംഖ്യാനിയന്ത്രണ പരിപാടികൾക്ക് നിർണായകമായ പിന്തുണ നൽകി വരുന്ന സ്ഥാപനമാണ് എച്ച്എൽഎൽ. കമ്പനിയുടെ വികസനവും അതു വഴി കൂടുതൽ പേർക്ക് തൊഴിലവസരവുമാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. അതിനിടയിലുണ്ടായ സ്വകാര്യവൽക്കരണ നീക്കം ഉത്ക്കണ്ഠയുളവാക്കുന്നതാണ്.

1966-ലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് സ്ഥാപിച്ചത്. ഗർഭനിരോധന ഉറകൾ നിർമിക്കാനുള്ള അസംസ്‌കൃത സാധനമായ ലാറ്റക്‌സ് ആവശ്യത്തിന് ലഭിക്കും എന്നതാണ് കേരളത്തിൽ ഈ ഫാക്ടറി വരാനുള്ള പ്രധാന കാരണം. സംസ്ഥാന സർക്കാർ അതിന് എല്ലാ പിന്തുണയും നൽകി. കണ്ണായ സ്ഥലത്ത് 19 ഏക്ര ഭൂമി സൌജന്യമായി വിട്ടുകൊടുത്തു. കഴിഞ്ഞ അഞ്ചു ദശാബ്ദം കൊണ്ട് കമ്പനി നല്ല വളർച്ച നേടി. കർണാടകം, ഹരിയാണ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും എച്ച്എൽഎൽ യൂണിറ്റുകൾ സ്ഥാപിച്ചു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രധാന ആരോഗ്യപരിപാലന പരിപാടികളിൽ പ്രധാന പങ്കാളിയായി കമ്പനി മാറി.

പൊതുമേഖലയിൽ നിലനിന്നതുകൊണ്ടാണ് ദേശീയ നയങ്ങൾക്കനുസൃതമായി പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.