കേരളാ പോലീസിൽ കൂത്തുപറമ്പ് സിൻഡ്രോം പിടിമുറുക്കുന്നു

0
1959

മനോജ്‌

അച്ചടക്കം കടങ്കഥയായ കേരളാ പോലീസിൽ കൂത്തുപറമ്പ് സിൻഡ്രോം പിടിമുറുക്കുന്നു. സംസ്ഥാന പോലീസ് മേധാവി സെൻകുമാറിനെ ഒതുക്കാൻ സർക്കാർ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പ്രയോഗിച്ചതോടെയാണ് പോലീസിൽ അച്ചടക്കം കാറ്റിൽ പാറുകയും കൂത്തുപറമ്പ് സിൻഡ്രോം പിടിമുറുക്കുകയും ചെയ്ത് തുടങ്ങുന്നത്.
പോലീസ് ആസ്ഥാനത്ത് ഡിജിപി സെൻകുമാറിന്റെ മുറിയിൽ കയറി എഡിജിപി ടോമിൻ തച്ചങ്കരി സെൻകുമാറിനെ ചോദ്യം ചെയ്യുകയും കയ്യേറ്റം വരെ നടക്കുകയും ചെയ്തതോടെ അച്ചടക്കം എന്നത് കേരളാ പോലീസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേലുദ്യോഗസ്ഥരെ കൂസാതെ തങ്ങൾക്കും നടക്കാം എന്ന ചിന്ത സേനയിൽ പ്രബലമാകുന്നത്.
ഡിജിപി സെൻകുമാറിന്റെ ഉത്തരവുകൾ സർക്കാർ നിരന്തരം കാറ്റിൽപ്പറത്തുകയും, പരസ്യമായ അവഹേളനം നടത്തുന്നത് പതിവാകുകയും ചെയ്തതോടെയാണ് മേലുദ്യോഗസ്ഥരെ സേന സംശയദൃഷ്ടിയാൽ വീക്ഷിച്ചു തുടങ്ങിയത്. കൂത്തുപറമ്പ് വെടിവെയ്പ് നടന്നശേഷം അന്നത്തെ ഡിഐജിയായിരുന്ന ജേക്കബ് പുന്നൂസ് ഇറക്കിയ ഉത്തരവാണ് നിലവിലെ അന്തരീക്ഷത്തിൽ പോലീസ് സേന ആയുധമാക്കാൻ ഒരുങ്ങുന്നത്.
പോലീസ് മേധാവികളുടെ നിയമവിധേയമല്ലാത്ത ഉത്തരവുകൾ പോലീസുകാർ അനുസരിക്കേണ്ടതില്ലാ എന്നാണു ജേക്കബ് പുന്നൂസ് ഉത്തരവിറക്കിയത്. കൂത്ത്പറമ്പിലെ വെടിവേയ്പ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഉത്തരവ്. നിയമവിധേയം അല്ലാ എന്ന് തോന്നിയാൽ പോലീസ് മേധാവിയുടെ ഉത്തരവ് പോലീസ് സേന തള്ളണം എന്നാണു വിവാദ ഉത്തരവിൽ അന്ന് ജേക്കബ് പുന്നൂസ് പറഞ്ഞത്.
വാക്കാൽ ഉത്തരവ് പോലീസ് പാലിക്കേണ്ടതില്ലാ. ഉത്തരവ് രേഖാമൂലം വേണം. അതനുസരിച്ചാൽ മതി. അതാണ് അന്നത്തെ ഉത്തരവിന്റെ അന്തസത്ത. മാസങ്ങൾ നീണ്ടു നിൽക്കുന്ന എന്നാൽ ഇപ്പോഴും അണയാതെ കിടക്കുന്ന വിവാദമാണ് ജേക്കബ് പുന്നൂസിന്റെ ഈ വിവാദ ഉത്തരവ്. ഇത് പോലീസ് സേനയ്ക്ക് ലഭിച്ച വലിയ ആയുധമാകുകയും ചെയ്തിരുന്നു.
ഒരു ഉത്തരവ് മേലധികാരി ഇറക്കിയാൽ അത് അനുസരിക്കണോ എന്നറിയാൻ പോലീസ് മാന്വൽ നോക്കേണ്ട അവസ്ഥയാണ് ഉത്തരവിന് ശേഷം വന്നത്. നിയമവിധേയമോ, നിയമവിരുദ്ധമോ എന്ന് നോക്കാൻ പോലീസ് മാന്വൽ തന്നെയാണ് പോലീസിനു ആയുധം. പോലീസ് മാന്വൽ എപ്പോഴും കയ്യിൽ കരുതുക എന്ന പോംവഴിയാണ് ഒരേയൊരു മാർഗം.
നിലവിലെ അവസ്ഥയിൽ പഴയ ഉത്തരവ് നോക്കി പോലീസ് മാന്വൽ തന്നെ കയ്യിൽ കരുതിയാൽ എന്താണ് കുഴപ്പമെന്നാണ് പോലീസ് ചിന്തകൾ. കാരണം അച്ചടക്കം എന്നത് മുകൾത്തട്ടിൽ നിന്നും വന്നു അടിത്തട്ട് വരെ വ്യാപിക്കേണ്ട കാര്യമാണ്. മുകളിൽ ഡിജിപി തലത്തിൽ തന്നെ പരസ്യമായി തമ്മിൽ തല്ലു നടക്കുമ്പോൾ എങ്ങിനെ പോലീസിൽ അച്ചടക്കം പുലരും എന്നാണ് സേനാംഗങ്ങൾ തന്നെ ചോദ്യം ഉയർത്തുന്നത്.
ഈ ഘട്ടത്തിൽ മേലധികാരികൾ നൽകുന്ന ഉത്തരവുകൾ തങ്ങൾ അനുസരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇവർ തല പുകയ്ക്കുന്നു. കാരണം ഏത് ഉത്തരവാണ് നിയമവിധേയം എന്ന ചോദ്യം ഉയരുന്നു. വിവാദമാകുന്ന ഉത്തരവുകൾ അനുസരിച്ചാൽ പിന്നീട് അത് തങ്ങൾക്ക് തന്നെ ദോഷമാകും എന്ന വിലയിരുത്തലിലാണ് ജേക്കബ് പുന്നൂസ് ഉത്തരവ് പൊടിതട്ടിയെടുക്കാൻ സേന തയ്യാറാകുന്നത്.