കൊച്ചി മെട്രോയ്ക്ക് സ്‌പെഷൽ ഫീഡർ സർവീസുമായി കെഎസ്ആർടിസി

0
115

കൊച്ചി മെട്രോ സ്‌പെഷൽ ഫീഡർ സർവീസ് എന്ന േപരിൽ മെട്രോയ്ക്കു ഫീഡർ സർവീസുമായി കെഎസ്ആർടിസി. മെട്രോ സർവീസുകൾ ആരംഭിക്കുന്ന പാലാരിവട്ടം, ആലുവ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണു ഫീഡർ സർവീസുകൾ ഉണ്ടാവുക. കെഎസ്ആർടിസിക്കു മാത്രം സർവീസ് നടത്താവുന്ന ആലുവ-അങ്കമാലി, ആലുവ-പെരുമ്പാവൂർ, ആലുവ-പറവൂർ, ഇടപ്പള്ളി- ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി (കണ്ടെയനർ റോഡ് വഴി) എന്നീ റൂട്ടുകളാണു ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ലോഫ്‌ലോർ എസി, നോൺ എസി വിഭാഗത്തിൽപ്പെട്ട 40 വീതം ബസുകൾ രണ്ടു സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു സർവീസ് നടത്തുമെന്നു സോണൽ ഓഫിസർ എസ്.കെ.സുരേഷ്‌കുമാർ അറിയിച്ചു. സർവീസ് നടത്തിപ്പിനും ഏകോപനത്തിനുമായി രണ്ടു സ്‌പെഷൽ ഓഫീസർമാരെയും ഒരു കോഓർഡിനേറ്ററയെം നിയമിച്ചിട്ടുണ്ട്. മെട്രോ കടന്നു പോകുന്നത് ദേശസാൽകൃത റൂട്ടിലൂടെയായതിനാൽ മെട്രോ യാത്രക്കാരെ സഹായിക്കാനും സർവീസുകളുടെ വിവരങ്ങൾ നൽകാനുമായി എല്ലാ മെട്രോ സ്റ്റേഷനുകളിലും ഒരോ ഉദ്യോഗസ്ഥരെ ഒരു മാസത്തേക്കു നിയമിക്കും.

മെട്രോ പ്രവർത്തിക്കുന്ന രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ ഫീഡർ സർവീസുകളുണ്ടാകും. മെട്രോ സ്റ്റേഷനുകൾക്കു സമീപ സ്ഥലങ്ങളിലും ഡിപ്പോകളിലും സർവീസ് അവസാനിപ്പിക്കുന്ന ബസുകൾ തൊട്ടടുത്ത മെട്രോ സ്റ്റേഷനുകളിലേക്കു ദീർഘിപ്പിക്കും. ഫീഡർ സർവീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഏകോപിപ്പിക്കാനായി വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.