കൊച്ചി മെട്രൊ ലാഭകരമാകുമെന്നതിൽ ആശങ്കയില്ലെന്ന് ഇ. ശ്രീധരൻ. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൃപ്പൂണിത്തുറ വരെയുള്ള ഭാഗം പൂർത്തിയാക്കുന്നതോടെ ലാഭകരമാകുമെന്നും ശ്രീധരൻ പറഞ്ഞു. കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ പറഞ്ഞു.
സ്വന്തം നാട്ടിൽ മെട്രൊ കൊണ്ടു വരാനായതിൽ സന്തോഷമുണ്ട്. പദ്ധതി പൂർത്തിയാക്കാനാവുമെന്ന് തുടക്കത്തിൽ വിശ്വാസമില്ലായിരുന്നു. ജനങ്ങളൊപ്പം നിന്നതാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്നും ശ്രീധരൻ വ്യക്തമാക്കി.
ഹൈസ്പീഡ് റെയിൽ ലൈനാണ് ഇനിയുള്ള സ്വപ്ന പദ്ധതി. ലൈറ്റ് മെട്രൊ സർവീസ് കൊണ്ടു വരണമെന്നാണ് ആഗ്രഹം. ഇതിൻറെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധനാണ്. ലൈറ്റ് മെട്രൊ കേരളത്തിന് അത്യാവശ്യമാണെന്നും ശ്രീധരൻ പറഞ്ഞു.
കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഇ ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെയും കെഎംആർഎല്ലിന്റെയും പരിശ്രമഫലമായാണിത്. രണ്ടാംഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാവില്ല. അതു നടപ്പാക്കാൻ കെഎംആർഎൽ സജ്ജമാണ്. കെഎംആർഎൽ എംഡി ഏലിയാസ് ജോർജുമൊത്തുള്ള പ്രവർത്തനം മികച്ചതായിരുന്നെന്നും ശ്രീധരൻ പറഞ്ഞു.
ആലുവമുതൽ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റർ പാതയുടെ നിർമാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം. നിർമാണജോലി ടെൻഡർ ചെയ്യുന്നതിലെ പ്രത്യേകതമൂലമാണ് ഈ ലാഭമുണ്ടായത്. ഡിഎംആർസിയുടെ ജോലികൾ മത്സരബുദ്ധിയോടെ കരാറുകാർ ഏറ്റെടുക്കും. ചെയ്യുന്ന ജോലിക്കുള്ള പണം വേഗത്തിൽ കിട്ടുമെന്ന് അവർക്ക് ഉറപ്പുണ്ട്. ഈ ലാഭം ബാക്കിയുള്ള പേട്ടവരെയുള്ള പാതയുടെ നിർമാണത്തിൽ പ്രതീക്ഷിക്കാനാകില്ല. സ്ഥലം ഏറ്റെടുക്കലെല്ലാം പ്രതിസന്ധിയിലാണ്.
ഒന്നാംഘട്ടത്തിലെ 25 കിലോമീറ്റർ പാതയും ഈ നാലുവർഷത്തിനകം പൂർത്തിയാകാത്തതിൽ തനിക്ക് വലിയ നിരാശയുണ്ട്. വൈറ്റിലമുതലുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതാണ് തടസ്സമായത്. കൊച്ചി മെട്രോ നിർമാണത്തിന് നാട്ടുകാരുടെ സഹകരണം വേണ്ടുവോളം കിട്ടി. ഡിഎംആർസിയിലുള്ള വിശ്വാസമായിരുന്നു കാരണം.
മെട്രോശൃംഖല കിഴക്കോട്ടും പശ്ചിമ കൊച്ചിയിലേക്കും നീളണം. എങ്കിൽ മാത്രമെ ഉദ്ദേശിച്ച പ്രയോജനം കിട്ടൂ. പശ്ചിമ കൊച്ചിക്ക് ഭൂഗർഭപാതയാണ് നല്ലത്. സ്റ്റേഷനുകൾക്കു മാത്രം സ്ഥലമെടുത്താൽ മതി. ഭൂമി വിട്ടുനൽകുന്നവരെ സ്റ്റേഷനുകളുടെ ഭാഗമായി ബഹുനില മന്ദിരങ്ങൾ നിർമിച്ച് പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.