ജേക്കബ് തോമസ് ഡി.ജി.പി. സ്ഥാനത്തേക്ക് , പാരകളും സജീവം

0
526

രാഷ്ട്രീയകാര്യ ലേഖകന്‍

സര്‍ക്കാരിനോടു പൊരുതി കോടതി ഉത്തരവിലൂടെ ഡി.ജി.പി. സ്ഥാനത്തേക്ക് തിരിച്ചെത്തിയ ടി.പി.സെന്‍കുമാറിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേ പുതിയ പോലീസ് മേധാവിക്കുവേണ്ടിയുള്ള ചര്‍ച്ചകളും സജീവമായി. ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ ഇനി ഏറ്റവും സീനിയറായ ജേക്കബ് തോമസിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. അതോ ലോക്‌നാഥ് ബഹ്‌റയെതന്നെ തിരിച്ചുകൊണ്ടുവരണോ എന്ന തരത്തിലും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ജേക്കബ് തോമസിന്റെ സ്ഥാനലബ്ദികണ്ട് പോലീസിനുള്ളില്‍തന്നെ ചില വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരായ വികാരം ഉയര്‍ത്തിവിട്ട് സര്‍ക്കാരില്‍തന്നെ രണ്ടഭിപ്രായം രൂപപ്പെടുത്തി അദ്ദേഹം ഡി.ജി.പി. സ്ഥാനത്തേക്ക് എത്തുന്നത് തടയുകയെന്ന ലക്ഷ്യമാണ് വിവാദങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്.

രണ്ടരമാസത്തിലേറെ കാലത്തെ അവധിക്കു ശേഷം ജൂണ്‍ 19നാണ് ജേക്കബ് തോമസ് മടങ്ങിവരുന്നത്. മടങ്ങിയെത്തിയാല്‍ ഉടന്‍ ജേക്കബ് തോമസിന് കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈവശം പ്രത്യേക പോസ്റ്റുകളൊന്നുമില്ല. അതിനിടെ താന്‍ അവധി നീട്ടുന്നത് ആലോചിക്കുകയാണെന്ന് ജേക്കബ് തോമസ് തന്നെ ഒരു മാധ്യമത്തോട് പറയുകയും ചെയ്തിട്ടുണ്ട്. അവധിയില്‍ തുടര്‍ന്നാല്‍തന്നെ എത്രനാള്‍ അങ്ങനെ തുടരാനാകുമെന്നുമുള്ള ചോദ്യവും പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലിന്റെ അടിസ്ഥാനത്തിലായിരിക്കും ജേക്കബ് തോമസ് ഭാവി നിശ്ചയിക്കുക.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഏറ്റവും കൂടുതല്‍ സംരക്ഷണം കൊടുത്ത ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടമെന്ന നിലയില്‍ അതിന്റെ മുഖമായി അവതരിപ്പിച്ചാണ് ഈ സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. ഐ.എ.എസുകാര്‍ക്കെതിരായ നടപടികളിള്‍ ഉള്‍പ്പെടെ ജേക്കബ് തോമസിന് അനുകൂലമായ നിലപാടാണ് അവസാനം വരെ മുഖ്യമന്ത്രി കൈക്കൊണ്ടത്. കൂട്ടിലടച്ച തത്തയല്ല വിജിലന്‍സെന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ കാരണം സര്‍ക്കാര്‍തന്നെ പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിലാണ് അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നുള്ള പരാതി പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും മുഖ്യമന്ത്രി നേരിടുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രശ്‌നപരിഹാരമെന്ന നിലയില്‍ ജേക്കബ് തോമസിനെ ഒഴിവാക്കുന്നതിലേക്ക് മുഖ്യമന്ത്രി എത്തിയത്.

ഇപ്പോള്‍ ടി.പി.സെന്‍കുമാറിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുമ്പോഴും മുഖ്യമന്ത്രിക്കു മുന്നില്‍ മറ്റു പേരുകളൊന്നും പരിഗണനക്കായി വരുന്നില്ല. ആരൊക്കെ പ്രശ്‌നങ്ങളുന്നയിച്ചെങ്കിലും ജേക്കബ് തോമസ് തന്റെ വിശ്വസ്തനായിരുന്നെന്ന കാര്യം മുഖ്യമന്ത്രിക്ക് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഡി.ജി.പി. സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവരണമെന്ന താല്‍പര്യം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളത്. പക്ഷേ മുന്നണിക്കുള്ളിലും പ്രത്യേകിച്ച് സി.പി.ഐയില്‍നിന്നും സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നുമുള്ള എതിര്‍പ്പുകളെ എങ്ങനെ മറികടക്കുമെന്നത് അദ്ദേഹത്തിന് തലവേദനയാകും. സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം പാര്‍ട്ടിയിലെ സര്‍വശക്തനായ തനിക്കെതിരേ ചര്‍ച്ച നടന്ന ഒരു വിഷയം ജേക്കബ് തോമസിന്റെ വിഷയമാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഡി.ജി.പിയാക്കി തിരിച്ചുകൊണ്ടുവരിക അത്രയെളുപ്പത്തില്‍ മുഖ്യമന്ത്രിക്ക് സാധിച്ചെടുക്കാനാകില്ല. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും മാത്രമല്ല പ്രതിപക്ഷത്തും ജേക്കബ് തോമസിനെതിരേ വികാരമുണ്ട്. വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപം അവര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ടോമിന്‍ തച്ചങ്കരിയെപ്പോലെ സി.പി.എമ്മിന് പ്രിയപ്പെട്ടവരായ ചിലരും ജേക്കബ് തോമസിനെതിരേ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തയാളാണ് ടോമിന്‍ തച്ചങ്കരി. തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി. ആയിരിക്കുമ്പോള്‍ ജേക്കബ് തോമസിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നും ഉറപ്പാണ്.

ഇതെല്ലാമാണെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ ജേക്കബ് തോമസ് സംസ്ഥാന പോലീസ് മേധാവിയായി വരുന്നതിനുള്ള സാധ്യതയാണ് കൂടുതല്‍. വിരമിക്കുന്നതിന് ദീര്‍ഘമായ കാലാവധിയുള്ളതും ഈ സര്‍ക്കാരിന്റെ കാലത്ത് മുഴുവന്‍ ജേക്കബ് തോമസിനെ ഡി.ജി.പിയായി നിലനിര്‍ത്താനും എന്നതും ജേക്കബ് തേമസിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.