സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി. പകര്‍ച്ചപ്പനി ഒരു നിയന്ത്രണവുമില്ലാതെ വ്യാപിക്കുന്നത് തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എച്ച്1 എന്‍1, ഡെങ്കി എന്നിവയ്ക്കു പുറമേ വിവിധ വൈറല്‍ പനികളും സംസ്ഥാനത്താകെ പടര്‍ന്നു പിടിക്കുകയാണ്. ഇടവിട്ടുള്ള മഴയും വെയിലുമാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. പ്രതിരോധ സംവിധാനങ്ങളൊന്നും കൃത്യമായി നല്കാന് കഴിയാത്തതും രോഗികളുടെ എണ്ണം ഏറെ കൂടുന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കവയിലും രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങളും ആശങ്കയിലാണ്.
ഇതാകട്ടെ സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണകരവുമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പലതിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിനു കാരണം.
സംസ്ഥാനത്ത് പനി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തലസ്ഥാന ജില്ലയെ തന്നെയാണ്. തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഇന്നും ഒരാള്‍ മരിച്ചു. കാട്ടാക്കട പന്നിയോടു സ്വദേശി രമേശ് റാം (38) ആണു മരിച്ചത്. സംസ്ഥാനത്തൊട്ടാകെ ഇന്നലെ ആയിരത്തോളം പേരെ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 81 പേര് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണംകൂടി കണക്കാക്കിയാല്‍ സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം വളരെ ഉയര്‍ന്നതായിരിക്കുമെന്നു കരുതുന്നു.