സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരത്തിയ കണക്കുകളും അവകാശവാദങ്ങളും പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി വ്യാജമദ്യം വന്‍തോതില്‍ വ്യാപിച്ചുവെന്നും മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചുവെന്നുമുള്ള കണ്ടെത്തെലുകള്‍ യഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
2015- 16, 2016-17 വര്‍ഷങ്ങളില്‍ യഥാക്രമം 3614 ലിറ്ററും 2873 ലിറ്ററും വ്യാജസ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തതെന്ന് പുതിയ മദ്യനയത്തിന്റെ ഭാഗമായുള്ള എക്സൈസ്വകുപ്പിന്റെ കണക്കില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ 2013- 14, 2014 – 15 വര്‍ഷങ്ങളില്‍ യഥാക്രമം 34843 ലിറ്റര്‍, 31899 ലിറ്റര്‍ വ്യാജസ്പിരിറ്റാണ് പിടിച്ചെടുക്കപ്പെട്ടത്. അതിനര്‍ഥം ഒന്നുങ്കില്‍ വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാരും എക്സൈസ് വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടു, അല്ലെങ്കില്‍ വ്യാജമദ്യത്തിന്റെ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ല. എന്താണ് യഥാര്‍ത്ഥ വസ്തുതയെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.
കൂടാതെ യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും, കേസുകളും കൂടിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാലയളിവില് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവില്‍ കാര്യമായ വര്‍ദ്ധനയൊന്നും ഉണ്ടായതായി കാണുന്നില്ല. 2015-16, 2016-17 സാമ്പത്തിക വര്‍ഷം പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് യഥാക്രമം 920 കിലോയും, 921 കിലോയും മാത്രമാണ്. മാത്രമല്ല പൊതുസ്ഥത്ത് പുകലിക്കുന്നവര്ക്കെതിരെ ചുമത്തിയ 61107 കേസുകളാണ് മറ്റ് ലഹരിവസ്തുക്കളുടെ വന്‍ വര്‍ദ്ധനവ് എന്ന പേരില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിന്റെ മദ്യനയം സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്തിയെന്നാണ് പുതിയ മദ്യനയത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വിദേശടൂറിസ്റ്റുകളുടെ എണ്ണം 6.23%വും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 5.67% വും വര്‍ദ്ധിച്ചുവെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നു തന്നെ കണക്കുകളിലെ പൊള്ളത്തരം വ്യക്തമാണ്. മദ്യവര്‍ജ്ജനമെന്ന ആശയമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മദ്യത്തിന്റെ ലഭ്യതയും, ഉപയോഗസാധ്യതകളും പരമാവധി കുറച്ച് ജനങ്ങളെ മദ്യത്തില്‍ നിന്നും അകറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അതിനുപകരം പൂട്ടിയ ബാറുകള്‍ തുറക്കുന്നതിലൂടെയും പുതിയ ബാറുകള്‍ അനുവദിക്കുന്നതിലൂടെയും കള്ളൂം, മദ്യവും ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെയും മദ്യത്തിന്റെയും ലഹരിയുടെയും ലഭ്യത വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കത്തില്‍ പറയുന്നു. യാതൊരു ചര്‍ച്ചയോ, കൂടിയാലോചനകളോ ഇല്ലാതെ ഒരു കൂട്ടം നിക്ഷിപ്തതാല്പര്യക്കാരുടെ തിരക്കഥയനുസരിച്ച് രൂപം നല്കിയ വികലമായ മദ്യനയം കേരളത്തിന്റെ വിശാലതാല്പര്യം മുന്‍നിറുത്തി എത്രയും വേഗം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.