മുംബൈ സ്ഫോടനകേസിലെ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി വിധിച്ചു. അബു സലേം, മുസ്തഫ ദോസ, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്, താഹിര്‍ മെര്‍ച്ചന്റ്, കരിമുല്ല ഖാന്, റിയാസ് സിദ്ദിഖി എന്നിവരാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ക്വായുമിനെ കോടതി കുറ്റവിമുക്തനാക്കി. ഇയാളെ വിട്ടയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഗൂഡാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. അബു സലേം, മുസ്തഫ ദോസ, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ക്ക് ആക്രമണത്തിനു പിന്നിലെ ഗൂഡാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി കോടതി വിലയിരുത്തി. അതേസമയം, റിയാസ് സിദ്ധിഖിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.
കേസിലെ 100 പ്രതികളെ ടാഡാ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മുഖ്യപ്രതികളിലൊരാളായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റുകയും ചെയ്തു. അബുസലേമിനെ പോര്‍ചുഗലും മുസ്തഫ ദോസയെ യു.എ.ഇയുമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. കേസിന്റെ വിചാരണ ആരംഭിച്ചതിനുശേഷം പിടിക്കപ്പെട്ടവരായതിനാല് ഇവരുടെ കേസ് പ്രത്യേകം പരിഗണിക്കുകയായിരുന്നു.
1993 മാര്‍ച്ച് 12ന് നടന്ന സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപപത്തിന് പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.