മൊസൂളില്‍ ഐ.എസ് 1 ലക്ഷം സിവിലിയരെ മനുഷ്യ കവചമാക്കിയതായി യു.എന്‍

0
117

ഐ.എസ് തീവ്രവാദികള്‍ ഇറാക്കിലെ മൊസൂളിലുള്ള സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ. ഒരുലക്ഷത്തിലധികം സിവിലിയന്മാരെയാണ് ഇത്തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതന്ന് ഇറാക്കിലെ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രതിനിധി ബ്രൂണോ ഗെഡ്ഡോ പറഞ്ഞു.

2014 ല്‍ ഭീകരര്‍ പിടിച്ചെടുത്ത മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്കി സേന പോരാട്ടത്തിലാണ്. എന്നാല്‍ ഓരോ സ്ഥലങ്ങളില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ അവിടെയുള്ള സിവിലിയന്മാരുമായിട്ടാണ് ഐഎസ് പോരാളികള്‍ പിന്‍വാങ്ങുന്നത്. പോരാട്ടം തുടരുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിന് ഭക്ഷണോ, വെള്ളമോ, വൈദ്യുതിയോ ഒന്നും ബാക്കിയില്ല. രക്ഷപെടാന്‍ ശ്രമിക്കുന്നവരെ വെടിവെച്ചുകൊല്ലുകയാണ്.

ഇതിനോടകം 862,000 പേര്‍ ഇവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതില്‍ 195,000 പേര്‍ തിരിച്ചെത്തി. ഇവര്‍ ഐഎസിന് നിയന്ത്രണം നഷ്ടപ്പെട്ട മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണുള്ളത്. ബാക്കിയുള്ള 667,000 പേര്‍ ഇപ്പോഴും യു.എന്‍ ഒരുക്കിയ ക്യാമ്പുകളിലോ മറ്റിടങ്ങളിലെ ബന്ധുക്കള്‍ക്ക് ഒപ്പമോ ആണ് കഴിയുന്നത്.