മോദിയും പിണറായിയും സഞ്ചരിക്കുക അലങ്കരിച്ച മെട്രോയില്‍

0
134

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് അലങ്കരിച്ച മെട്രോ ട്രെയിന്‍. കേരളീയരീതിയിൽ അലങ്കരിച്ച ട്രെയിനിലായിരിക്കും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും  യാത്ര. കഥകളിയും കളരിപ്പയറ്റും കായലിന്റെ സൗന്ദര്യവുമെല്ലാം ട്രെയിനിൽ ഇടംനേടിയിട്ടുണ്ട്.യാത്രാ സർവീസിനായി ഒൻപത് ട്രെയിനുകളാണ് കൊച്ചിയിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ ആറ് ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുക.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയിൽ യാത്ര ചെയ്യും. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചുമാണ് യാത്ര.മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരാണ് ഒപ്പമുണ്ടാകുമെന്ന് കരുതുന്നത്.

മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്യാണ് ച കൊച്ചിയിലെത്തുന്നത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.കലൂർ സ്റ്റേഡിയത്തിനു സമീപത്തെ ഉദ്ഘാടനവേദിയിൽ സജ്ജീകരണങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ.ശനിയാഴ്ച രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക. 10.35ന് പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പത്തടിപ്പാലത്തേയ്ക്കും തിരിച്ചും മെട്രോയിൽ യാത്ര. പാലാരിവട്ടം സ്റ്റേഷനിൽ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിനിലേക്ക് കയറുക. 11ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.മെട്രോ ഉദ്ഘാടനവേദിയായ കലൂർ സ്റ്റേഡിയത്തിനു സമീപം നിർമിച്ച പന്തലിൽ ക്ഷണിക്കപ്പെട്ട 3,500-ഓളം പേരാണ് അതിഥികളായുണ്ടാവുക. ക്ഷണപത്രികയും തിരിച്ചറിയൽ കാർഡും ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയിലാണ് നഗരം. പ്രത്യേക സുരക്ഷാ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംസ്ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. എ.ഐ.ജിമാരായ അനീഷ് സിരോഹി, രാജേഷ് കുമാർ, ടി.കെ. ഗൗതം എന്നിവർ പ്രധാനമന്ത്രി എത്തുന്ന സ്ഥലങ്ങളും യാത്രാപാതയും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി.ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള, പോലീസ് കമ്മിഷണർ എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പുറമെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.12.15ന് സെന്റ് തെരേസാസ് കോളേജിലാണ് പി.എൻ. പണിക്കർ ദേശീയ വായനാ മാസാചരണം. സെന്റ് തെരേസാസ് കോളേജിൽ നിന്ന് ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തും. അവിടത്തെ ബോർഡ് റൂമിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. 1.25നാണ് മടക്കയാത്ര.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായി കൊച്ചിയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ നാലു ദിവസമായി പോലീസ് സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശ്, ഡി.സി.പി. യതീഷ് ചന്ദ്ര എന്നിവർ വ്യാഴാഴ്ച രാവിലെ ഉദ്ഘാടന വേദിയിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 1500 പോലീസുകാരെയാണ് മെട്രോ ഉദ്ഘാടനത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.160 അംഗ കമാൻഡോ സംഘവും ഉദ്ഘാടന വേദിയിൽ കാവലിനുണ്ടാകും.

വെള്ളിയാഴ്ച ഉച്ചയോടെ തന്നെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ പോലീസിനെ വിന്യസിക്കാനാണ് തീരുമാനം. സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച നഗരത്തിലെ പ്രധാന പാതകളിൽ പ്രത്യേക വാഹന പരിശോധനയുണ്ടാകും. ലോഡ്ജുകളിലും മറ്റും പരിശോധന നടത്താനും സ്പെഷ്യൽ ബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡി.ജി.പി. സെൻകുമാർ വെള്ളിയാഴ്ച കൊച്ചിയിലെത്തും.

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ വാഹനങ്ങളുടെ റിമോട്ട് കീ അനുവദിക്കില്ലെന്ന് പോലീസ്. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാഗുകൾ, വെള്ളക്കുപ്പികൾ എന്നിവ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്നവർ കൊണ്ടു വരരുത്. പങ്കെടുക്കാനെത്തുന്നവർ ഉദ്ഘാടനത്തിനു ഒരു മണിക്കൂർ മുമ്പ് പ്രവേശിക്കണം. ക്ഷണക്കത്തും തിരിച്ചറിയൽ കാർഡും ൈകയിൽ കരുതണം. ചടങ്ങു നടക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

ഗതാഗത നിയന്ത്രണം

ശനിയാഴ്ച നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ 1.30 വരെയാണിത്.നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. ജങ്ഷൻ, സുഭാഷ് പാർക്ക്,മേനക, ഹൈക്കോടതി ജങ്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ പുലർച്ചെ മുതൽ പാർക്കിങ് അനുവദിക്കില്ല. ഈ റോഡുകളുടെ വശങ്ങളിൽ കച്ചവടവും അനുവദിക്കില്ല.പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയം റോഡിൽ കൂടിയുള്ള കാൽനട യാത്ര അനുവദിക്കില്ല. ഈ സമയം യാത്രക്കാർ വഴിയരികിലെ ബാരിക്കേഡിനുള്ളിൽ നിൽക്കണമെന്നും പോലീസ് നിർദേശിച്ചു.